| Saturday, 31st January 2026, 6:12 pm

എംബാപ്പെ ഒറ്റയ്ക്ക് 36, ഡെംബലെയും യമാലുമടക്കമുള്ളവര്‍ ഒരുമിച്ച് 32; ഇവന്‍ മാസ് ഡാ!!

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന മത്സരം റയല്‍ മാഡ്രിഡിന് വലിയ നിരാശയാണ് സമ്മാനിച്ചത്. മത്സരത്തില്‍ ബെന്‍ഫിക്കയോട് ടീം തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസിന്റെ തോല്‍വി.

റയലിന്റെ രണ്ട് ഗോളുകളും നേടിയത് കിലിയന്‍ എംബാപ്പെയാണ്. 30, 58 എന്നീ മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഇതോടെ ഈ സീസണിലെ ക്ലബ്ബിനായുള്ള തന്റെ ഗോള്‍ നേട്ടം താരത്തിന് 36ആയി ഉയര്‍ത്താന്‍ സാധിച്ചു.

കിലിയന്‍ എംബാപ്പെ. Photo: MadridXtra/x.com

റയലിനായി ലാലിഗയിലാണ് എംബാപ്പെ കൂടുതല്‍ ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ താരം അടിച്ച് കൂട്ടിയത് 22 ഗോളുകളാണ്. ചാമ്പ്യന്‍സ് ലീഗില്‍ 13 തവണ വല കുലുക്കിയപ്പോള്‍ കോപ്പ ഡെല്‍ റെയില്‍ രണ്ട് ഗോളുകളും തന്റെ അക്കൗണ്ടിലെത്തിച്ചു.

ഇതോടെ, കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ ആദ്യ നാല് സ്ഥാനത്തുള്ളവരെ ഗോള്‍ നേട്ടത്തില്‍ മറികടക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. റാങ്കിങ്ങില്‍ ഉസ്മാന്‍ ഡെംബലെ, ലാമിന്‍ യമാല്‍, വിറ്റിന്‍ഹ, മുഹമ്മദ് സല എന്നിവരാണ് റാങ്കിങ്ങില്‍ ആദ്യ നാല് സ്ഥാനത്തുള്ളവര്‍.

ഉസ്മാൻ ഡെംബലെയും ലാമിൻ യമാലും. Photo: Onefootball/x.com

ഇവര്‍ നാല് പേരും ഈ സീസണില്‍ ഒരുമിച്ച് 32 ഗോളുകള്‍ മാത്രമാണ് സ്‌കോര്‍ ചെയ്തത്. ബാലണ്‍ ഡി ഓര്‍ ജേതാവായ ഡെംബലെ 2025 – 26 സീസണില്‍ എട്ട് തവണയാണ് വല കുലുക്കിയത്. റാങ്കിങ്ങില്‍ രണ്ടാമതെത്തിയ ബാഴ്‌സയുടെ യമാല്‍ 12 ഗോളുകളാണ് ഇതിലേക്ക് സംഭാവന ചെയ്തത്.

വിറ്റിൻഹയും മുഹമ്മദ് സലയും . Photo: Galatasaray Ruhu/x.com

യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള വിറ്റിന്‍ഹയും സലയും ഈ സീസണില്‍ ആറ് വീതം ഗോളുകളാണ് സ്വന്തമാക്കിയത്. ഇവരുടെയെല്ലാം ഗോളുകള്‍ ഒരുമിച്ച് കൂട്ടിവെക്കുമ്പോള്‍ 32 മാത്രമാണ് വരുന്നത്. എന്നാല്‍, എംബാപ്പെയാകട്ടെ ഒറ്റയ്ക്ക് 36 ഗോളും അടിച്ചെടുത്തു എന്നതാണ് ശ്രദ്ധേയം.

Content Highlight: Kylian Mbappe scored more goals than the all of the top four players from the 2025 Ballon d’Or combined this season

We use cookies to give you the best possible experience. Learn more