| Friday, 10th July 2026, 11:53 am

അദ്ദേഹം വിരമിക്കരുതെന്നാണ് എന്റെ ആഗ്രഹം: എംബാപ്പെ

സുദേവ് എ

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും റൊണാള്‍ഡോ എക്കാലത്തെയും മികച്ച താരമാണെന്നാണ് എംബാപ്പെ പറഞ്ഞത്.

റൊണാള്‍ഡോ ഫുട്‌ബോളില്‍ നിന്നും ഉടനെ വിരമിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും എംബാപ്പെ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോക്കെതിരെയുള്ള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഫ്രഞ്ച് താരം.

‘റൊണാള്‍ഡോ ലോകകപ്പ് നേടിയിട്ടില്ലെന്നത് അദ്ദേഹത്തെ മോശം താരമാക്കില്ല. ഫുട്‌ബോളില്‍ നേടാന്‍ സാധിക്കുന്ന പ്രധാന കിരീടങ്ങളും വ്യക്തിഗത പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ലോകകപ്പ് ഇല്ലെന്ന കാരണം കൊണ്ട് അദ്ദേഹത്തിന്റെ കരിയറിനെ ചോദ്യം ചെയ്യാനാവില്ല. അതില്‍ അദ്ദേഹം നിര്‍ഭാഗ്യവാനായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എന്നെ വളരെയധികം സഹായിച്ച അദ്ദേഹം ഇന്നും എനിക്ക് പിന്തുണ നല്‍കുന്നുണ്ട്.

ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം എക്കാലത്തെയും മികച്ച താരമാണ്. കഴിയുന്നത്ര കാലം അദ്ദേഹം കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം വിരമിക്കരുതെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇപ്പോഴും അദ്ദേഹം തന്നെയായിരിക്കും എന്റെ പ്രചോദനം,’ കിലിയന്‍ എംബാപ്പെ പറഞ്ഞു.

ഈ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗല്‍ മടങ്ങിയതോടെ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കണ്ണീരോടെയാണ് അവസാനിച്ചത്. ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോ മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെകിസ്ഥാനെതിരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ റൊണാള്‍ഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി.

ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയ്നിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. റൗണ്ട് ഓഫ് 32ല്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പറങ്കിപ്പട പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.

ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനിലയില്‍ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് തിരിച്ചു വന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങി.

Content Highlight: Kylian Mbappe praises Portuguese legend Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more