2026 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സും മൊറോക്കോയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബോസ്റ്റണ്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയ്ക്ക് വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.
മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയാല്‍ ഈ ലോകകപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാനാണ് എംബാപ്പെയ്ക്ക് സാധിക്കുക. മാത്രമല്ല നിലവില്‍ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയെ മറികടക്കാനും എംബാപ്പെയ്ക്ക് സാധിക്കും.
ലയണല്‍ മെസി (അര്‍ജന്റീന) – 8
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 7
എര്‍ലിങ് ഹാലന്‍ഡ് (നോര്‍വേ) – 7
ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്) – 6
അതേസമയം മത്സരത്തില്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ പറയുന്നത്. 2022ലെ ലോകകപ്പില്‍ സെമി ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ വീഴ്ത്തി സെമിയില്‍ ഇടം നേടാനാകും മൊറോക്കോയുടെ ലക്ഷ്യം.
മാത്രമല്ല കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. ഒരു അസിസ്റ്റ് ഗോള്‍ മാത്രമായിരുന്നു എംബാപ്പെയുടെ പേരിലുണ്ടായിരുന്നത്. ഇത്തവണ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ എംബാപ്പെയ്ക്ക് മൊറോക്കോയ്‌ക്കെതിരെ ഗോള്‍ നേടാനും മെസിയെ മറികടക്കാനും സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നിലവില്‍ ലോകകപ്പ് ചരിത്രത്തില്‍ 19 ഗോല്‍ നേടി എംബാപ്പെ രണ്ടാം സ്ഥാനത്താണുള്ളത്. 21 ഗോളുകള്‍ നേടിയ മെസിയാണ് ഈ നേട്ടത്തിലും മുന്നിലുള്ളത്. രണ്ട് ഗോള്‍ നേടിയാല്‍ ഈ നേട്ടത്തില്‍ മെസിക്കൊപ്പമെത്താനും താരത്തിന് സാധിക്കും. മൊറോക്കോയ്‌ക്കെതിരെ എംബാപ്പെ മികച്ച പ്രകടനം നടത്തുമോ എന്ന് കണ്ടറിഞ്ഞ് കാണണം.
Content Highlight: Kylian Mbappe Need Two Goals To Achieve Great Record Achievement In FIFA World Cup