ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ പി.എസ്.വിക്കെതിരെ വമ്പൻ വിജയമായിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഹോം ടീം വിജയിച്ചു കയറിയത്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ കരുത്തിലാണ് റയൽ കൂറ്റൻ വിജയം നേടിയത്.
മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗിലെ തന്റെ ഗോൾ നേട്ടം 75 ആക്കി ഉയർത്താൻ എംബാപ്പെക്ക് സാധിച്ചു. യു.സി.എല്ലിൽ 28 വയസിന് മുമ്പായി ഇത്രയധികം ഗോളുകൾ നേടിയ രണ്ട് താരങ്ങൾ മാത്രമേയുള്ളൂ. ലയണൽ മെസിയും എംബാപ്പെയും.
27 വയസും 169 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി 75 ഗോളുകളിലെത്തിയതെങ്കിൽ എംബാപ്പെ 27 വയസും 339 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. മെസിക്കും റോബർട്ട് ലെവൻഡോസ്കിക്കും ശേഷം ഏറ്റവും വേഗത്തിൽ 75 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന മൂന്നാമത്തെ താരവും എംബാപ്പെയാണ്.
അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയിൽ പി.എസ്.വിക്കായിരുന്നു ആധിപത്യം. ഇവാൻ പെരിസിച്ചിലൂടെ 32ാം മിനിട്ടിൽ പെനാൽറ്റിയിലാണ് പി.എസ്.വി മുന്നിലെത്തിയത്. ആദ്യ പകുതിയിൽ റയൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല.
രണ്ടാം 50ാം മിനിട്ടിൽ ഫെഡറിക്കോ വാൽവെർദെ റയലിനായി ആദ്യ ഗോൾ നേടി. പിന്നാലെ 60ാം മിനിട്ടിൽ ബെല്ലിങ്ഹാമിന്റെ കിടിലൻ ഗോളും പിറന്നു.
രണ്ടാം ഗോളിന് പിന്നാലെ സൂപ്പർ താരം കിലിയൻ എംബാപ്പെ 64ാം മിനിട്ടിൽ റയലിന് മൂന്നാം ഗോളും സമ്മാനിച്ചു. ശേഷം 84ാം മിനിട്ടിൽ എംബാപ്പെ വീണ്ടും പി.എസ്.വിയുടെ വലകുലുക്കി. അവസാനഘട്ടത്തിലും പി.എസ്.വിയെ കടന്നാക്രമിച്ചാണ് റയൽ കളിച്ചത്. വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടിൽ നിന്നായിരുന്നു അഞ്ചാം ഗോൾ. ബെല്ലിങ്ഹാമിന്റെ പാസിലാണ് അഞ്ചാമത്തെ ഗോൾ അനായാസം ലക്ഷ്യം കണ്ടത്.
ഈ വിജയത്തോടെ ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങളും ജയിച്ച റയൽ 15 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. ലാ ലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 13 മത്സരങ്ങളിൽ നിന്നും 11 വിജയവും രണ്ട് തോൽവിയും അടക്കം 33 പോയിന്റാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. സ്പാനിഷ് ലീഗിൽ നവംബർ 29നാണ് റയൽ അടുത്ത മത്സരത്തിനിറങ്ങുന്നത്. അലാവസാണ് ടീമിന്റെ എതിരാളികൾ.
Content Highlight: Kylian Mbappe matches Lionel Messi record in champions league