മാഡ്രിഡ്: മുന്‍ ചൈനീസ് ഭരണാധികാരി മാവോ സെ ദുങിനെ അപമാനിച്ചെന്നാരോപിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കി ചൈനീസ് കമ്പനികള്‍. മാവോ സെ ദുങിനെ എംബാപ്പെ ചൈനീസ് ഡിക്ടറ്റര്‍ എന്ന് വിളിച്ചുകൊണ്ടുള്ള വീഡിയോ വൈറലായതിന് പിന്നാലെയാണിത്.
പാനീയ നിര്‍മാതാക്കളായ ഡോങ്‌പെങ്, പ്രമുഖ ക്ഷീരോല്‍പ്പന്ന കമ്പനിയായ മെങ്‌നു, ചീസ് നിര്‍മാതാക്കളായ മില്‍ക്ക് ഗ്രൗണ്ട് എന്നിവയാണ് എംബാപ്പെയുമായുള്ള കരാറുകള്‍ അവസാനിപ്പിക്കന്നതായി പ്രഖ്യാപിച്ചത്.
ഫ്രഞ്ച് ടോക്ക് ഷോ ആയ ദി ബ്രിഡ്ജില്‍ സംസാരിക്കവെ ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം മീം എതാണെന്ന ചോദ്യത്തിന് എംബാപ്പെ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
‘ആരോ നിര്‍മിച്ച വീഡിയോ ആണത്. ഒരു വ്യക്തിയുടെ വീഡിയോ… അയാള്‍ ഒരു ചൈനീസ് സ്വേച്ഛാധിപതിയാണെന്ന് ഞാന്‍ കരുതുന്നു. അതെന്നെ ചിരിപ്പിക്കാറുണ്ട്. ഞാനും എന്റെ സുഹൃത്തുക്കളും അത് എപ്പോഴും ഉപയോഗിക്കാറുണ്ട്’, എംബാപ്പെ പറയുന്നു.
മാവോ സെ ദുങിന്റെ ശരീരത്തില്‍ എംബാപ്പയുടെ മുഖം ചേര്‍ത്തുവെച്ച് എഡിറ്റ് ചെയ്ത ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.
ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളോടും പ്രവൃത്തികളോടും എതിര്‍പ്പുണ്ടെന്ന് മൂന്ന് കമ്പനികളും വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തിന് കാരണമായതെന്തെന്ന് കമ്പനികള്‍ വിശദീകരിച്ചിട്ടില്ല.
‘ഏത് പെരുമാറ്റത്തെയും ഞങ്ങളുടെ കമ്പനി ശക്തമായി എതിര്‍ക്കുന്നു. അത്തരം നടപടികളോട് ഞങ്ങള്‍ക്ക് ഒട്ടും സഹിഷ്ണുതയില്ല. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ കിലിയന്‍ എംബാപ്പെയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുകയാണ്’, ഡോങ് പെങ് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
ചൈനീസ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളോടും പ്രവൃത്തികളോടും മെങ്‌ന്യുവിന് ശക്തമായ എതിര്‍പ്പാണുള്ളതെന്നും അത്തരം നടപടികളോട് കമ്പനിക്ക് ഒട്ടും സഹിഷ്ണുതയില്ലെന്നും മെങ്‌ന്യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എംബാപ്പെയ്‌ക്കെതിരായ പ്രതിഷേധം ഇപ്പോഴും ശക്തമാവുകയാണ്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ സ്ഥാപനമായ സി.സി.ടി.വി ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കുകയാണെന്ന് ചൈനീസ് മാധ്യമമായ ദ പേപ്പര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, സി.സി.ടി.വിയുടെ വാര്‍ത്താ ആപ്പുകളില്‍ ഫ്രഞ്ച് സ്‌ട്രൈക്കറായ എംബാപ്പെയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
Content Highlight: Kylian Mbappe loses three Chinese sponsors after apparent Mao Zedong ‘dictator’ remark.