ഒരു കലണ്ടര്‍ ഇയറില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് നേട്ടം ലക്ഷ്യമിട്ട് ലോസ് ബ്ലാങ്കോസിന്റെ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ കിലിയന്‍ എംബാപ്പെ. ഈ വര്‍ഷം ആറ് മത്സരം ശേഷിക്കവെ ഏഴ് ഗോള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ എംബാപ്പെയ്ക്ക് ഈ നേട്ടത്തിലെത്താം.
നിലവില്‍ 53 ഗോളുകളാണ് 2025ല്‍ എംബാപ്പെ റയലിനായി അടിച്ചുകൂട്ടിയത്. ലാലിഗയില്‍ ജിറോണയ്ക്കതിരെ പെനാല്‍ട്ടി ഗോളാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്.
കിലിയന്‍ എംബാപ്പെ. Photo: SportyBet/x.com
ഈ ഗോളിന് പിന്നാലെ ഒരു നേട്ടവും എംബാപ്പെക്ക് സ്വന്തമാക്കാന്‍ സാധിച്ചു. റയലിനായി ഒരു വര്‍ഷം ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിടുകയാണ് താരം. 2011ല്‍ റൊണാള്‍ഡോ അടിച്ചുകൂട്ടിയ 53 ഗോളുകളാണ് റയല്‍ മാഡ്രിന്റെ റെക്കോഡില്‍ അഞ്ചാമതുള്ളത്.
പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ മറ്റു താരങ്ങളാണെന്ന് കരുതേണ്ട. ഈ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലും റൊണാള്‍ഡോയുടെ പേര് തന്നെയാണ്. ഒന്നാം സ്ഥാനത്ത് 2013ലെ റൊണാള്‍ഡോയെങ്കില്‍ മൂന്നാമത് 2014ലെ റോണോയും നാലാമത് 2015ലെ റോണോള്‍ഡോയുമാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: Wikipedia
(താരം – വര്‍ഷം – ഗോള്‍ എന്നീ ക്രമത്തില്‍)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2013 – 59
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2012 – 58
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2014 – 56
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2015 – 54
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2011 – 53
കിലിയന്‍ എംബാപ്പെ – 2025 – 53*
വരും മത്സരങ്ങളില്‍ നിന്നും ഏഴ് ഗോള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ചരിത്ര നേട്ടത്തില്‍ നിന്നും റൊണാള്‍ഡോയെ പടിയിറക്കി സിംഹാസനമേറാനും ‘ക്രിസ്റ്റ്യാനോ ഫാന്‍ ബോയ്’ക്ക് സാധിക്കും. എന്നാല്‍ ഏഴ് ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും അടിക്കുന്ന ഓരോ ഗോളിനും റൊണാള്‍ഡോയെ മറികടക്കാനുള്ള അവസരമൊരുങ്ങും.
ഒരു ഗോളടിച്ചാല്‍ 2011ലെ റൊണാള്‍ഡോയുടെ റെക്കോഡും രണ്ട് ഗോള്‍ നേടിയാല്‍ 2014ലെ റെക്കോഡും അങ്ങനെ പല നേട്ടങ്ങള്‍ സ്വന്തമാക്കാനും എംബാപ്പെയ്ക്ക് സാധിക്കും.
റൊണാള്‍ഡോയും എംബാപ്പെയും. Photo: Goal.com
അതേസമയം, ലാലിഗയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയിക്കാന്‍ സാധിക്കാതെ ലോസ് ബ്ലാങ്കോസ് രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ചിരവൈരികളായ ബാഴ്‌സലോണയാണ് ഒന്നാമത്.
പോയിന്റ് പട്ടികയില്‍ 18ാം സ്ഥാനത്തുള്ള ജിറോണയോട് സമനില വഴങ്ങിയതോടെയാണ് റയല്‍ കരുക്കിലായത്. ഒരോ ഗോള്‍ വീതം നേടിയാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്.
14 മത്സരത്തില്‍ 10 ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി 33 പോയിന്റോടെയാണ് റയല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 34 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.
ലാലിഗയില്‍ നാളെയാണ് റയല്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. സാന്‍ മാംസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളികള്‍. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് അത്‌ലറ്റിക് ക്ലബ്ബ്.
Content Highlight: Kylian Mbappe is aiming to break the record for most goals scored for Real Madrid in a calendar year.