| Friday, 12th June 2026, 3:32 pm

ഹാട്രിക്കിന് പിന്നാലെ ലോക ചരിത്രം; ഇത്തവണ ആര്‍ക്കെങ്കിലും പൊളിക്കാനാകുമോ ഈ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

2026ലെ ഫിഫ ലോകകപ്പിന് കര്‍ട്ടണ്‍ ഉയര്‍ന്നിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മെക്‌സിക്കോയും സൗത്ത് കൊറിയയും വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. വരും മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് 48 രാജ്യങ്ങള്‍.

അതേസമയം ഇത്തവണ ലോകകപ്പ് സ്വന്തമാക്കുമെന്ന ലക്ഷ്യത്തോടെയാണ് ഫാന്‍ ഫേവറേറ്റുകളും കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പുമായ ഫ്രഞ്ച് വമ്പന്‍മാര്‍ ഒരുങ്ങുന്നത്. 2022ലെ ലോകകപ്പില്‍ അര്‍ജന്റീനയോട് ഫൈനലില്‍ പരാജയപ്പെട്ടാണ് ഫ്രാന്‍സ് മടങ്ങിയത്.

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനലുകളിലൊന്ന് ആരാധകര്‍ ഒരിക്കലും മറന്നുകാണില്ല. മാത്രമല്ല അന്ന് ഫ്രാന്‍സിന് വേണ്ടി ഹാട്രിക് നേടിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയേയും ആരും അത്ര പെട്ടന്ന് മറക്കില്ല. ലോകകപ്പ് ഫൈനലില്‍ ആദ്യമായി ഹാട്രിക് ഗോള്‍ നേടി ചരിത്രം തന്നെയായിരുന്നു താരം തിരുത്തിയത്.

എന്നാല്‍ അതിനെല്ലാം പുറമെ മറ്റൊരു വമ്പന്‍ റെക്കോഡും റയല്‍ മാഡ്രിഡ് വമ്പന്‍ തിരുത്തിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലായിരുന്നു എംബാപ്പെ ഒന്നാമനായത്. ഫൈനലില്‍ നാല് ഗോളുകളാണ് താരം നിലവില്‍ സ്വന്തം പേരില്‍ കുറിച്ചത്.കിലിയന്‍ എംബാപ്പെ

2018ല്‍ ക്രൊയേഷ്യയ്ക്കെതിരെ ഫൈനലില്‍ ഒരു ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് സാധിച്ചിരുന്നു. പെലെ സിദാന്‍ തുടങ്ങിയ ഇതിഹാസതാരങ്ങളെ മറികടന്നായിരുന്നു അന്ന് എംബാപ്പെ ലോകകപ്പ് ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്. അതേസമയം ഇത്തവണ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ആര്‍ക്കെങ്കിലും എംബാപ്പെയുടെ ലോക റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 4

പെലെ (ബ്രസീല്‍) – 3

വവ (ബ്രസീല്‍) – 3

ജിയോഫ് ഹര്‍സ്റ്റ് (ഇംഗ്ലണ്ട്) – 3

സിനെദിന്‍ സിദാന്‍ (ഫ്രാന്‍സ്) – 3

പോള്‍ ബ്രൈറ്റ്നര്‍ (ജര്‍മനി) – 2

റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍ – 2

മാരിയോ കെമ്പസ് (അര്‍ജന്റീന) – 2

ഗിനോ കൊളൗസി (ഇറ്റലി)- 2

സില്‍വിയോ പിയോള (ഇറ്റലി) – 2

അതേസമയം ഫ്രാന്‍സിന് വേണ്ടി എംബാപ്പെ 98 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് നേടിയത്. ലോകകപ്പില്‍ ജൂണ്‍ 17ന് സെനഗലിനോടാണ് ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് മത്സരം. മത്സരത്തില്‍ ഫ്രാന്‍സിന് വേണ്ടി എംബാപ്പെ വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Kylian Mbappe In Great Record Achievement In FIFA World Cup Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more