ഫിഫ ക്ലബ്ബ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്നിനെയാണ് ഫൈനലില്‍ നേരിടുന്നത്.
ആദ്യ സെമി ഫൈനലില്‍ ബ്രസീല്‍ സൂപ്പര്‍ ടീം ഫ്ളുമിനന്‍സിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി ഫൈനലിനെത്തിയത്. അതേസമയം, സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി പി.എസ്.ജിയും കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.
റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് പി.എസ്.ജി ഫൈനലിന് ടിക്കറ്റെടുത്തതോടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നം കണ്ട് സ്‌പെയ്‌നിലേക്ക് വണ്ടി കയറിയ എംബാപ്പെയ്ക്ക് ഈ സീസണില്‍ ഒറ്റ ട്രോഫിയില്‍ പോലും മുത്തമിടാന്‍ സാധിച്ചിട്ടില്ല, അതേസമയം പി.എസ്.ജിയാകട്ടെ ചരിത്രം തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ്.
എംബാപ്പെ ടീം വിട്ടതിന് പിന്നാലെ പി.എസ്.ജി ലൂയീസ് എന്‌റിക്വിന് കീഴില്‍ ഐക്കോണിക് ട്രെബിള്‍ പൂര്‍ത്തിയാക്കി. ഇക്കാലമത്രയും സ്വപ്‌നം മാത്രമായി അവശേഷിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗ് കീരീടം മാര്‍ക്വിന്യോസിന് കീഴില്‍ പി.എസ്.ജി പാരീസിലെത്തിച്ചു.
ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്ന രണ്ടാമത് ഫ്രഞ്ച് ടീം എന്ന ചരിത്ര നേട്ടത്തോടെയാണ് പി.എസ്.ജി കരുത്തരായ ഇന്റര്‍ മിലാനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കി കിരീടമുയര്‍ത്തിയത്. ഇതിനൊപ്പം ലീഗ് കിരീടമടക്കമുള്ള രണ്ട് ഡൊമസ്റ്റിക് കിരീടവും പി.എസ്.ജി സ്വന്തമാക്കി.
അതേസമയം, എംബാപ്പെയും റയല്‍ മാഡ്രിഡുമാകട്ടെ ലാ ലിഗയില്‍ ബാഴ്‌സലോണയുടെ സമഗ്രാധിപത്യത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഈ സീസണില്‍ നേര്‍ക്കുനേര്‍ വന്ന മത്സരങ്ങളിലെല്ലാം തന്നെ റയല്‍ കറ്റാലന്‍മാര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു. സൂപ്പര്‍ കോപ്പ ഡി എസ്പാനയുടെ ഫൈനലിലേറ്റുവാങ്ങിയ 5-32ന്റെ തോല്‍വിയും ഇതില്‍ ഉള്‍പ്പെടും.
സീസണില്‍ ലീഗ് കിരീടമോ മറ്റേതെങ്കിലും ഡൊമസ്റ്റിക് കിരീടമോ നേടാന്‍ സാധിക്കാതെ പോയ റയല്‍ മാഡ്രിഡിന് കിരീടം നേടാനുള്ള അവസാന അവസരമായിരുന്നു ക്ലബ്ബ് വേള്‍ഡ് കപ്പ്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഹാട്രിക് കിരീടം നേടിയ ഏക ടീം എന്ന പ്രതാപവുമായി കളത്തിലിറങ്ങിയ റയല്‍ ആദ്യ ഘട്ടത്തില്‍ നിരാശരാക്കിയില്ല. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയ ടീം, റൗണ്ട് ഓഫ് സിക്‌സറ്റീനില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെയും പരാജയപ്പെടുത്തിയാണ് റയല്‍ സെമിക്ക് യോഗ്യത നേടിയത്.
എംബാപ്പെ തന്റെ പഴയ ടീമിനെതിരെ നേര്‍ക്കുനേര്‍ വന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ കിരീടം നേടാനുള്ള റയലിന്റെയും എംബാപ്പെയുടെയും അവസരം വീണുടഞ്ഞു. അതേസമയം, പി.എസ്.ജിയാകട്ടെ ക്വാഡ്രാപ്പിള്‍ ലക്ഷ്യമിട്ട് ഫൈനലിലും പ്രവേശിച്ചു.
ഫൈനല്‍ പോരാട്ടത്തില്‍ ചെല്‍സിയെ വീഴ്ത്താന്‍ സാധിച്ചാല്‍ സീസണിലെ നാലാം കിരീടമാകും പി.എസ്.ജി സ്വന്തമാക്കുക. യു.സി.എല്ലിന് പുറമെ ലീഗ് വണ്‍ പോയിന്റ് പട്ടികയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടമുയര്‍ത്തിയ പി.എസ്.ജി ഇത്തവണ ഫ്രഞ്ച് കപ്പും സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെ സൂപ്പര്‍ കപ്പ് പോരാട്ടത്തിനും പി.എസ്.ജി അര്‍ഹത നേടിയിട്ടുണ്ട്.
Content Highlight: Kylian Mbappe goes trophy less, PSG qualified for Club World Cup final