| Saturday, 6th December 2025, 1:03 pm

മെസിയും റൊണാള്‍ഡോയും എന്ന പോലെ; ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവത്തിലാക്കാന്‍ ഇവരെത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പിന് ഇനി മാസങ്ങളുടെ ഇടവേള മാത്രമാണുള്ളത്. അടുത്ത വര്‍ഷം ജൂണ്‍ 11 മുതലാണ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാവുക. ജൂലൈ 19 വരെയാണ് ടൂര്‍ണമെന്റില്‍ പന്തുരുളുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് 23ാം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

മെക്‌സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലെ മത്സരത്തോടെയാണ് പുതിയ ലോകകപ്പിന് തുടക്കമാവുക. മെക്‌സിക്കോയിലെ എസ്റ്റാഡിയോ ആസ്റ്റക്കയിലാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി. കഴിഞ്ഞ ദിവസമാണ് ലോകകപ്പിന്റെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചത്. അതിനൊപ്പം ഗ്രൂപ്പ് നിര്‍ണയവും നടന്നിരുന്നു.

അർജന്റീന ഫുട്ബോൾ ടീം Photo: Seleccion Argentina in English/x.com

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെ-യിലും കൂടുതല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ഗ്രൂപ്പ് സി-യിലുമാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇടം പിടിച്ചത് ഗ്രൂപ്പ് കെ-യിലാണ്. ഇവരോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രൂപ്പാണ് ഐ.

ഇന്ന് ലോക ഫുട്‌ബോളില്‍ കളിക്കളം വാഴുന്ന രണ്ട് താരങ്ങള്‍ ഈ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഇതിന് കാരണം. മറ്റാരുമല്ല അത്, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും നോര്‍വെയുടെ ഏര്‍ലിങ് ഹാലണ്ടുമാണ്. പുതിയ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് താരങ്ങള്‍ ലോകകപ്പില്‍ പരസ്പരം പോരിനിറങ്ങുന്നുവെന്നത് തന്നെയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഏർലിങ്ങ് ഹാലണ്ട് Photo: Wallpaperstore/x.com

ഇരുവരും തങ്ങളുടെ ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി മിന്നും പ്രകടനമാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇരു താരങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ അത് ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും.

നിലവില്‍ ഹാലണ്ട് 24 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. അതില്‍ 33 ഗോളുകള്‍ താരം സ്‌കോര്‍ ചെയ്തു. ഒപ്പം അഞ്ച് ഗോളുകള്‍ക്കും വഴിയൊരുക്കി.

എംബാപ്പെയാകട്ടെ ഹാലണ്ടിന്റെ അത്ര തന്നെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. താരം 30 തവണയാണ് വല കുലുക്കിയത്. ഒപ്പം അസിസ്റ്റുകളും സ്വന്തം പേരില്‍ എഴുതി.

കിലിയൻ എംബാപ്പെ Photo: AntonioRosique/x.com

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇരുവരും ഒന്നിനൊന്ന് മികച്ചതാണ്. അതിനാല്‍ തന്നെ ഈ ഗ്രൂപ്പിലെ ഫ്രാന്‍സ് – നോര്‍വേ മത്സരം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം എന്നതിനേക്കാള്‍ ഹാലണ്ട് – എംബാപ്പെ മത്സരമായായിരിക്കും വിലയിരുത്തുക.

Content Highlight: Kylian Mbappe’s France and Erling Haaland’s Norway are in same group for FIFA World Cup 2026

We use cookies to give you the best possible experience. Learn more