ലാലിഗയില്‍ സെവിയ്യക്ക് എതിരെ തകര്‍പ്പന്‍ വിജയവുമായി സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം. വിജയത്തോടെ പോയിന്റ് ടേബിളില്‍ ബാഴ്സലോണ യുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാന്‍ സാധിച്ചു.
റയല്‍ മാഡ്രിഡിന്റെ അവസാന ഗോള്‍ കണ്ടെത്തിയത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ്. മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രമുള്ളപ്പോയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ പെനാല്‍റ്റി ഗോള്‍ താരത്തെ ഒരു സൂപ്പര്‍ നേട്ടത്തിലെത്തിച്ചു. ഒരു കലണ്ടര്‍ ഇയറില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ മുന്നിലെത്താനാണ് താരത്തിന് സാധിച്ചത്.
ഗോൾ നേട്ടം ആഘോഷിക്കുന്ന കിലിയന്‍ എംബാപ്പെ. Photo: Real Madrid CF/x.com
ഈ നേട്ടത്തില്‍ എംബാപ്പെ ഒറ്റക്കല്ല, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ട്. ഈ മത്സരത്തിലെ പ്രകടനത്തോടെ ഫ്രഞ്ച് താരം തന്റെ ഗോള്‍ നേട്ടം 59 ആയി ഉയര്‍ത്തി. അതോടെ റോണോ 2013ല്‍ കുറിച്ച റെക്കോഡിനൊപ്പമാണ് എത്തിയത്.
പോര്‍ച്ചുഗല്‍ താരം ആ വര്‍ഷം റയലിനായി 59 ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ടീമിന്റെ എക്കാലത്തെയും റെക്കോഡ് തന്റെ പേരിലാക്കിയിരുന്നു. അതിനൊപ്പമാണ് ഇപ്പോള്‍ എംബാപ്പെയും ഇപ്പോള്‍ തന്റെ പേര് ചേർത്തുവെച്ചിരിക്കുന്നത്.
(താരം – വര്‍ഷം – ഗോള്‍ എന്നീ ക്രമത്തില്‍)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2013 – 59
കിലിയന്‍ എംബാപ്പെ – 2025 – 59
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2012 – 58
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2014 – 56
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2015 – 54
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2011 – 53
ഗോൾ നേട്ടം ആഘോഷിക്കുന്ന ജൂഡ് ബെല്ലിങ്ങ്ഹാം. Photo: Real Madrid CF/x.com
അതേസമയം, മത്സരത്തില്‍ റയലിനായി ആദ്യം ഗോള്‍ നേടിയത് ജൂഡ് ബെല്ലിങ്ഹാമാണ്. 38ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു എംബാപ്പെയുടെ ഗോള്‍. 86ാം മിനിട്ടിലായിരുന്നു താരം പന്ത് വലയിലെത്തിച്ചത്. വിജയത്തോടെ റയലിന് തങ്ങളുടെ പോയിന്റ് 42 ആയി ഉയര്‍ത്താന്‍ സാധിച്ചു.
Content Highlight: Kylian Mbappe equalled Cristiano Ronaldo’s record of most goals in a Calender Year for Real Madrid