| Thursday, 4th December 2025, 1:03 pm

നാല് മത്സരത്തില്‍ 30 ഗോള്‍! 'ഒരിക്കലും തകര്‍ക്കാനാകാത്ത' മെസിയുടെ റെക്കോഡ് തകര്‍ക്കാന്‍ എംബാപ്പെയ്ക്ക് വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ പരാജയപ്പെടുത്തിയിരുന്നു. അത്‌ലറ്റിക് ക്ലബ്ബിന്റെ ഹോം സ്‌റ്റേഡിയമായ സാന്‍ മാംസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം.

എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ എഡ്വാര്‍ഡോ കാമാവിംഗയാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികിയില്‍ ബാഴ്‌സലോണയ്ക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് തുടരാനും റയലിന് സാധിച്ചു.

ഗോള്‍നേട്ടം ആഘോഷിക്കുന്ന എംബാപ്പെയും കാമവിംഗയും. Photo. Real Madrid/x.com

2025ലെ തന്റെ ഗോള്‍ നേട്ടം 62 ആയി ഉയര്‍ത്താനും ഇരട്ട ഗോള്‍ നേട്ടത്തോടെ എംബാപ്പെയ്ക്ക് സാധിച്ചു. ഇതാദ്യമായാണ് ഒരു കലണ്ടര്‍ ഇയറില്‍ എംബാപ്പെ 60ലധികം ഗോള്‍ സ്വന്തമാക്കുന്നത്.

ഇതോടൊപ്പം തന്നെ ഈ നൂറ്റാണ്ടില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ 2012ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയ 61 ഗോളിന്റെ റെക്കോഡ് മറികടന്ന് അഞ്ചാമതെത്താനും എംബാപ്പെയ്ക്ക് സാധിച്ചു. ഈ പട്ടികയില്‍ രണ്ടാമതും മൂന്നാമതും റൊണാള്‍ഡോ തന്നെയാണ്.

ഈ വര്‍ഷം നാല് മത്സരങ്ങളില്‍ കൂടിയാണ് എംബാപ്പെ പന്ത് തട്ടുക. ഈ മത്സരങ്ങളില്‍ നിന്നും എട്ട് ഗോള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ തന്റെ ഐഡലിന്റെ സര്‍വകാല റെക്കോഡ് മറികടക്കാനും എംബാപ്പെയ്ക്ക് സാധിക്കും.

എംബാപ്പെ. Photo. Real Madrid/x.com

എന്നാല്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോളെന്ന ലയണല്‍ മെസിയുടെ റെക്കോഡ് തകര്‍ക്കണമെങ്കില്‍ എംബാപ്പ ഏറെ പണിപ്പെടേണ്ടി വരും, മറ്റൊരര്‍ത്ഥത്തില്‍ എംബാപ്പെയ്ക്ക് അതിന് സാധിക്കില്ല എന്നും പറയേണ്ടി വരും.

ഈ വര്‍ഷം ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും 30 ഗോള്‍ നേടിയെങ്കില്‍ മാത്രമേ 2012ല്‍ ലയണല്‍ മെസി പടുത്തുയര്‍ത്തിയ 91 ഗോളിന്റെ റെക്കോഡ് തകര്‍ക്കാന്‍ താരത്തിന് സാധിക്കൂ.

ലയണല്‍ മെസി. Photo: CentreGoals/x.com

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഗോള്‍ – ഈ നൂറ്റാണ്ടില്‍

(താരം – ടീം – വര്‍ഷം – ഗോള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി – ബാഴ്‌സലോണ | അര്‍ജന്റീന – 2012 – 91

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – റയല്‍ മാഡ്രിഡ് | പോര്‍ച്ചുഗല്‍ – 69 – 2013

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – ബയേണ്‍ മ്യൂണിക് | പോളണ്ട് – 2021 – 69

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – റയല്‍ മാഡ്രിഡ് | പോര്‍ച്ചുഗല്‍ – 2014 – 63

കിലിയന്‍ എംബാപ്പെ – റയല്‍ മാഡ്രിഡ് | ഫ്രാന്‍സ് – 2025 – 62*

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – റയല്‍ മാഡ്രിഡ് | പോര്‍ച്ചുഗല്‍ – 2012 – 61

മെസിയെ മറികടക്കാന്‍ സാധിച്ചാല്‍ ഈ നൂറ്റാണ്ടിലെ മാത്രമല്ല, ഓള്‍ ടൈം റെക്കോഡും എംബാപ്പെ മറികടക്കും.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍

(താരം – വര്‍ഷം – ഗോള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി (അര്‍ജന്റീന) – 2012 – 91

ഗെര്‍ഡ് മുള്ളര്‍ (ജര്‍മനി) – 1972 – 85

പെലെ (ബ്രസീല്‍) – 1958 – 75

പെലെ (ബ്രസീല്‍) – 1965 – 72

സീക്കോ (ബ്രസീല്‍) – 1979 – 72

റൊമാരിയോ (ബ്രസീല്‍) – 2000 – 71

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 2021 – 69

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 2013 – 69

ഡിസംബര്‍ എട്ടിനാണ് എംബാപ്പെയും റയല്‍ മാഡ്രിഡും അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയാണ് എതിരാളികള്‍.

Content Highlight: Kylian Mbappe completed 62 goals in 2025

We use cookies to give you the best possible experience. Learn more