എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന ലാ ലിഗ മത്സരത്തില്‍ 2-1നാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ക്യാമ്പ് നൗവില്‍ 2021നുശേഷം റയല്‍ മാഡ്രിഡ് നേടുന്ന ആദ്യ വിജയമാണിത്. വിജയത്തോടെ ലാ ലിഗയിലെ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമായി.
കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് റയല്‍ നിര്‍ണായക വിജയം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. റയലിനായി 100 ഗോള്‍ പൂര്‍ത്തിയാക്കാനാണ് റയലിന് സാധിച്ചത്.
ആദ്യ പകുതിയിലെ 41ാം മിനിട്ടില്‍ എംബാപ്പെയിലൂടെയാണ് റയല്‍ ലീഡ് നേടിയത്. ജെറാര്‍ഡ് മാര്‍ട്ടിന്‍ ക്ലിയര്‍ ചെയ്ത പന്ത് എംബാപ്പെയുടെ കാലില്‍ തട്ടി തിരിച്ചെത്തിയതോടെ താരം അത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പെഡ്രിയുടെ പാസില്‍ റാഫീഞ്ഞ ഗോള്‍ നേടിയതോടെ ബാഴ്‌സലോണ സമനില പിടിച്ചു.
മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 88ാം മിനിറ്റില്‍ എംബാപ്പെ വീണ്ടും ഗോള്‍ നേടിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ നീക്കത്തിനൊടുവില്‍ എഡ്‌വോര്‍ഡോ നല്‍കിയ പാസ് എംബാപ്പെ വലയിലെത്തിക്കുകയായിരുന്നു. സീസണില്‍ എംബാബെ പതിനൊന്ന് ലാ ലിഗ ഗോളുകള്‍ നേടിക്കഴിഞ്ഞു. പതിമൂന്ന് ഗോളുകളുമായി ബാഴ്‌സയുടെ റഫീഞ്ഞയാണ് മുന്നിലുള്ളത്.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയുമായുള്ള അകലം മൂന്ന് പോയിന്റായി കുറയ്ക്കാന്‍ റയലിന് സാധിച്ചു. ഈ സീസണിലെ ലാ ലിഗയില്‍ ബാഴ്‌സലോണ നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്.
റയല്‍ പരിശീലകനായി ജോസെ മൗറീഞ്ഞോയുടെ എല്‍ ക്ലാസിക്കോയിലേക്കുള്ള തിരിച്ചുവരവും വിജയത്തോടെ ശ്രദ്ധേയമായി. മത്സരത്തിന് പിന്നാലെ റഫറിയിങ്ങിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
Content Highlight: Kylian Mbappe Complete 100 Goals For Real Madrid