ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്നതില്‍ ടീം നേട്ടങ്ങളെ പരിഗണിക്കുന്ന രീതിയെ വിമര്‍ശിച്ച് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജോസെ മൗറീന്യോ. ഇത്തവണ എംബാപ്പെയ്ക്ക് പുരസ്‌കാരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൗറീന്യോയെ ഉദ്ധരിച്ച് ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2026ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആര്‍ക്ക് നല്‍കണം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജോസെ മൗറീന്യോ
‘ലോകത്തിലെ ഏറ്റവും മികച്ച മൂന്നോ നാലോ കളിക്കാര്‍ ആരാണെന്ന് നമുക്കറിയാം, അവര്‍ ഇവിടെത്തന്നെയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഈ സമ്മറില്‍ വ്യക്തിഗതമായി ചരിത്രം സൃഷ്ടിച്ച ഒരു കളിക്കാരനുണ്ട്,’ മൗറീന്യോ പറഞ്ഞു.
ലോകകപ്പില്‍ 10 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെയെ ഉദ്ദേശിച്ചായിരുന്നു മൗറീന്യോയുടെ ഈ പരാമര്‍ശം. വോട്ടിംഗ് രീതിയിലെ പോരായ്മ ചൂണ്ടിക്കാട്ടി എംബാപ്പെയ്ക്ക് ഇത്തവണ പുരസ്‌കാരം നേടാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചാമ്പ്യന്‍സ് ലീഗോ ലോകകപ്പോ നേടി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു കളിക്കാരന് ബാലന്‍ ഡി ഓര്‍ നല്‍കാന്‍ കഴിയില്ല. വിരമിച്ച ശേഷവും ലോകം എന്നും ഓര്‍ക്കുന്ന കളിക്കാര്‍ക്കാണ് ബാലന്‍ ഡി ഓര്‍ നല്‍കേണ്ടത്; മറഡോണ, റൊണാള്‍ഡിഞ്ഞോ, റൊണാള്‍ഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി, സിദാന്‍ എന്നിവരെ പോലുള്ള താരങ്ങള്‍ക്കാണ് ഇത് നല്‍കേണ്ടത്.
കിലിയന്‍ എംബാപ്പെ
ചാമ്പ്യന്‍സ് ലീഗ് വിജയത്തിനാണ് പുരസ്‌കാരം നല്‍കേണ്ടതെങ്കില്‍ അത് ലൂയിസ് എന്‌റിക്വിന് (പി.എസ്.ജി പരിശീലകന്‍) നല്‍കൂ. സ്പാനിഷ് ദേശീയ ടീമിനാണ് നല്‍കേണ്ടതെങ്കില്‍ അത് ലൂയിസ് ഡി ലാ ഫുവെന്റെയ്ക്ക് (സ്‌പെയ്ന്‍ ദേശീയ ടീം പരിശീലകന്‍) നല്‍കൂ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നത് മറ്റൊരു കാര്യമാണ്, അവന്‍ പി.എസ്.ജിയിലോ സ്‌പെയിന്‍ ടീമിലോ ഉള്ള ആളല്ല,’ മൗറീന്യോ പറഞ്ഞു.
അതേസമയം, ഇത്തവണ പുരസ്‌കാരം നേടാന്‍ തനിക്ക് സാധിക്കുമെന്ന് എംബാപ്പെയും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
‘ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബാലണ്‍ ഡി ഓര്‍ എന്നത് യഥാര്‍ത്ഥത്തില്‍ അസാധാരണനായ ഒരു കളിക്കാരന് നല്‍കേണ്ട ഒന്നാണെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. തീര്‍ച്ചയായും ടീമിന്റെ പങ്കും പ്രധാനപ്പെട്ടതാണ്, ഫുട്‌ബോള്‍ ഒരു ടീം ഗെയിം തന്നെയാണ്. പക്ഷേ ഇതൊരു വ്യക്തിഗത പുരസ്‌കാരമാണ്.
ബാലണ്‍ ഡി ഓറിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മെസ്സിയുടെയും റൊണാള്‍ഡോയുടെയും കാലഘട്ടത്തില്‍ നിന്നുള്ളതാണ്. അത് ഒരിക്കലും സാധാരണക്കാരായ കളിക്കാര്‍ക്ക് നല്‍കിയിട്ടില്ല, മറിച്ച് അസാധാരണമായ കാര്യങ്ങള്‍ ചെയ്തവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഞാന്‍ കാര്യങ്ങള്‍ വ്യത്യസ്തമായാണ് ചെയ്തതെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് എനിക്ക് ഇത് നേടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നത്,’ താരം പറഞ്ഞു.
Content highlight: Kylian Mbappe cannot win the Ballon d’Or; Real Madrid coach Mourinho points out a flaw in the award.