2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനല്‍ ടിക്കറ്റ് കൈപ്പിടിയിലാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രാന്‍സ് സെമി ഫൈനലില്‍ കടന്നത്.
ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പയുടെയും ഉസ്മാന്‍ ഡെംബലയുടെയും തകര്‍പ്പന്‍ ഗോളുകളുടെ കരുത്തിലാണ് ഫ്രഞ്ച് പട വിജയിച്ചു കയറിയത്. 60ാം മിനിട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യം ലീഡ് നേടിയത്.
ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടമാക്കിയ താരം ഗോള്‍ നേടി തിരിച്ചുവരികയായിരുന്നു. ഈ ലോകകപ്പിലെ എംബാപ്പെയുടെ എട്ടാമത്തെ ഗോള്‍ ആയിരുന്നു ഇത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് തൊട്ടു താഴെയാണ് എംബാപ്പെ.
ഈ ഗോളിന് പിന്നാലെ ഒരു വമ്പന്‍ നേട്ടവും എംബാപ്പെ കൈപ്പിടിയിലാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരമായാണ് എംബാപ്പെ മാറിയത്. 18 ഗോളുകള്‍ നേടിയാണ് ഫ്രഞ്ച് നായകന്‍ ഒന്നാമനായത്. 17 ഗോളുകള്‍ നേടിയ മെസിയെ മറികടന്നാണ് താരത്തിന്റെ നേട്ടം.
കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 18
ലയണല്‍ മെസി – അര്‍ജന്റീന – 17
മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16
റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14
ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13
അതേസമയം മത്സരത്തില്‍ എംബാപ്പെ നേടിയ ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുമ്പേ ആറ് മിനിട്ടുകള്‍ക്ക് ശേഷം ഡെംബലയിലൂടെ ഫ്രാന്‍സ് വീണ്ടും വലകുലുക്കി.
ഗോള്‍ നേട്ടം ഉയര്‍ത്താന്‍ മികച്ച മുന്നേറ്റങ്ങള്‍ ഫ്രാന്‍സ് നടത്തിയെങ്കിലും മൊറോക്കോ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്രാന്‍സ് തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ 15നാണ് ഫ്രാന്‍സ് സെമി ഫൈനല്‍ മത്സരത്തിന് കളത്തിലിറങ്ങുന്നത്. സ്‌പെയ്ന്‍- ബെല്‍ജിയം മത്സരത്തിലെ വിജയികളെ ആയിരിക്കും എംബാപ്പെയും സംഘവും നേരിടുക.
Content Highlight: Kylian Mbappe break Lionel Messi record in world cup