| Sunday, 19th July 2026, 7:49 am

മെസിയെന്ന വന്മരം തകര്‍ന്നുവീണു; ലോകത്തില്‍ ഒന്നാമനായി എംബാപ്പെ

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായി മാറിയിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6-4 എന്ന ത്രില്ലര്‍ സ്‌കോറിനായിരുന്നു ത്രീ ലയണ്‍സിന്റെ വിജയം.

മത്സരം പരാജയപ്പെട്ടെങ്കിലും ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയുടെ പോരാട്ടമാണ് ഏറെ കയ്യടി നേടിയത്. സെമി ഫൈനലില്‍ സ്‌പെയ്‌നിനെതിരെ ഗോള്‍ നേടാന്‍ പരാജയപ്പെട്ട എംബാപ്പെ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോളുകളുമായാണ് തിരിച്ചുവന്നത്.

മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെ ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ മറികടന്ന് കുതിക്കാനും എംബാപ്പെക്ക് സാധിച്ചു. 10 ഗോളുകളുമായാണ് എംബാപ്പെ എതിരാളികളുടെ വലയിലെത്തിച്ചത്.

എട്ട് ഗോളുകള്‍ ഈ ലോകകപ്പില്‍ നേടിയ മെസിയെ മറികടന്നാണ് ഫ്രഞ്ച് നായകന്റെ കുതിപ്പ്. ഏഴ് ഗോളുകള്‍ വീതം നേടിയ ഏര്‍ലിങ് ഹാലണ്ടും ജൂഡ് ബെല്ലിങ്ഹാമുമാണ് മെസിക്ക് പുറകിലുള്ളത്.

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി മാറാനും എംബാപ്പെക്ക് സാധിച്ചു. 22 ഗോളുകളുമായാണ് എംബാപ്പെ ഒന്നാമതെത്തിയത്. ഈ നേട്ടത്തിലും മെസിയെയാണ് എംബാപ്പെ മറികടന്നത്. 21 ഗോളുകളാണ് മെസി ലോകകപ്പില്‍ നേടിയിട്ടുള്ളത്. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാല്‍ മെസിക്ക് എംബാപ്പെയെ മറികടക്കാനുള്ള അവസരവുമുണ്ട്.

അതേസമയം ഫ്രാന്‍സിനെതിരെ ബുക്കായോ സാക്കയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് ത്രീ ലയണ്‍സ് ആവേശ വിജയം കൈപ്പിടിയിലാക്കിയത്. മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഡെക്ലാന്‍ റൈസിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. 18ാം മിനിട്ടില്‍ എസ്രി കോണ്‍സയിലൂടെ ഇംഗ്ലണ്ട് വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ആദ്യ പകുതി പിന്നിടുന്നതിന് മുമ്പ് സാക്ക ഇരട്ട ഗോള്‍ നേടി ഇംഗ്ലണ്ടിന് എതിരില്ലാത്ത നാല് ഗോളുകളുടെ ലീഡിന്റെ ആധിപത്യം സ്വന്തമാക്കി.

രണ്ടാം പകുതിയിലാണ് എംബാപ്പെയുടെ ഇരട്ട ഗോള്‍ പിറന്നത്. ബ്രാഡ്‌ലി ബാര്‍ക്കോളയും ഒസ്മാനെ ഡെംബെലെയും രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടു. എന്നാല്‍ സാക്ക ഹാട്രിക് ഗോളും ജൂഡ് ബെല്ലിങ്ങ്ഹാം ഇഞ്ചുറി ടൈമില്‍ ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഇംഗ്ലണ്ട് കൈപ്പിടിയിലാക്കുകയായിരുന്നു.

Content Highlight: Kylian Mbappe break Lionel Messi record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more