| Wednesday, 17th September 2025, 3:49 pm

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എംബാപ്പെ; 'ഹാഫ് സെഞ്ച്വറിയില്‍' റോണോയ്ക്ക് ശേഷം രണ്ടാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കിയിരുന്നു. മാഴ്‌സെക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. പത്ത് പേരായി ചുരുങ്ങിയിട്ടും ആദ്യം ഗോള്‍ വഴങ്ങേണ്ടി വന്നിട്ടും ടീം ജയം നേടിയെടുക്കുകയായിരുന്നു.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ കരുത്തിലാണ് ലോസ് ബ്ലാങ്കോസ് ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചത്. മാഡ്രിഡ് നേടിയ രണ്ട് ഗോളുകളും വലയിലെത്തിച്ചത് എംബാപ്പെയായിരുന്നു. പെനാല്‍റ്റിയിലൂടെയാണ് ഈ താരം രണ്ട് തവണയും വല തുളച്ചത്.

മാഴ്‌സെക്കെതിരെ ഇരട്ട ഗോള്‍ നേടിയതോടെ ഒരു സൂപ്പര്‍ നേട്ടവും എംബാപ്പെയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചു. റയല്‍ മാഡ്രിഡിനായി 50 ഗോളുകള്‍ അടിച്ച താരങ്ങളുടെ പട്ടികയിലാണ് താരം എത്തിയത്. റയലിന്റെ വെള്ള കുപ്പായത്തില്‍ 64 മത്സരങ്ങള്‍ കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്.

അതോടെ എംബാപ്പെ റയലിനായി വേഗത്തില്‍ ‘അര്‍ധ സെഞ്ച്വറി’ നേടുന്ന രണ്ടാമത്തെ താരമാവുകയും ചെയ്തു. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.  54 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം താരം കൈവരിച്ചത്. 2010ലായിരുന്നു റോണോ റയലിനായുള്ള ഗോള്‍ നേട്ടം 50 കടന്നത്.

അതേസമയം, മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ റയല്‍ താരങ്ങള്‍ മുന്നേറ്റങ്ങളുമായി ഗ്രൗണ്ടില്‍ കുതിച്ചു. എന്നാല്‍, റയല്‍ ആരാധകരെ ഞെട്ടിച്ച് ഫ്രഞ്ച് ടീം മാഴ്‌സെ വല കുലുക്കി. 22ാം മിനിട്ടില്‍ തിമോത്തി വീയാണ് ഗോളടിച്ചത്.

എന്നാല്‍ അവരുടെ ലീഡിന് അധികം ആയുസ് നല്‍കാതെ എംബാപ്പെ റയലിനെ മാഴ്‌സെയ്ക്ക് ഒപ്പമെത്തിച്ചു. 28ാം മിനിട്ടില്‍ റോഡ്രിഗോയെ മാഴ്‌സെ താരം ചലഞ്ച് ചെയ്തതിന് ലഭിച്ച പെനാല്‍റ്റി താരം വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ആവേശത്തോടെ മുന്നേറിയ സ്പാനിഷ് വമ്പന്മാര്‍ വലിയൊരു തിരിച്ചടി നേരിട്ടു. 71ാം മിനിട്ടില്‍ ഡാനി കാര്‍വഹാല്‍ ചുവപ്പ് കണ്ട് മടങ്ങിയതോടെ ടീം പത്ത് പേരായി ചുരുങ്ങി. എന്നാല്‍, ലോസ് ബ്ലാങ്കോസ് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

പത്ത് മിനിട്ടിനകം തന്നെ റയല്‍ തങ്ങളുടെ വിജയഗോള്‍ കണ്ടെത്തി. എംബാപ്പെ തന്നെയായിരുന്നു ഈ പന്തും വലയിലെത്തിച്ചത്. പിന്നാലെ ഫൈനല്‍ വിസിലുമെത്തിയതോടെ സാബി അലന്‍സോയുടെ സംഘം മൂന്ന് പോയിന്റും ടീമിന്റെ അക്കൗണ്ടിലാക്കി.

Content Highlight: Kylian Mbappe became fastest to score 50 goals for Real Madrid after Cristiano Ronaldo

We use cookies to give you the best possible experience. Learn more