ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് സെമി ഫൈനലിൽ എത്തിയിരുന്നു. ജർമൻ വമ്പൻ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് റയൽ അവസാന നാലിൽ എത്തിയത്. ന്യൂ ജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് അതികായന്മാരുടെ വിജയം.
കിലിയൻ എംബപ്പെയുടെ ലെറ്റ് ഗോളാണ് ലോസ് ബ്ലാങ്കോസിന് വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു താരത്തിന്റെ ഗോൾ. ഒരു ഉഗ്രൻ വോളിയിലൂടെയായിരുന്നു ഫ്രഞ്ച് താരം ഡോർട്മുണ്ടിന്റെ വല കുലുക്കിയത്. മത്സരത്തിൽ ബെല്ലിങ്‌ഹാമിന് പകരക്കാരനായി എത്തിയാണ് എംബാപ്പെയുടെ ഗോൾ നേട്ടം.
ഈ ഗോളോടെ ഒരു സൂപ്പർ നേട്ടവും എംബാപ്പെ സ്വന്തമാക്കി. ഒരു സീസണിൽ ഏഴ് വ്യത്യസ്ത ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ റയൽ മാഡ്രിഡ് താരമാകാനാണ് ഫ്രഞ്ച് ഫുട്ബോളർക്ക് സാധിച്ചത്. മറ്റൊരു റയൽ താരവും ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടില്ലെന്ന് മാഡ്രിഡ് എക്സ്ട്രാ റിപ്പോർട്ട് ചെയ്തു.
ലാലിഗ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവയിൽ സ്കോർ ചെയ്താണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷമാണ് താരം റയലിൽ എത്തുന്നത്. അരങ്ങേറ്റ സീസണിൽ തന്നെ ദി വൈറ്റ്‌സിനായി 58 മത്സരങ്ങളിൽ കളിച്ച് താരം ഇതുവരെ 44 ഗോളുകൾ നേടിയിട്ടുണ്ട്.
ഇതിൽ ഏറ്റവും കൂടുതൽ ഗോളുകൾ എംബാപ്പെ സ്വന്തമാക്കിയത് ലാലിഗയിലാണ്. 31 തവണയാണ് താരം സ്പാനിഷ് ലീഗിൽ വല കുലുക്കിയത്. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ കാലിൽ നിന്ന് ഒമ്പത് പന്തുകൾ എതിരാളികളുടെ വല തുളച്ചപ്പോൾ രണ്ടെണ്ണം കോപ്പ ഡെൽ റെയിലുമായിരുന്നു. സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നീ ടൂർണമെന്റിൽ ഓരോ ഗോളുകളുമാണ് താരം നേടിയത്.
Content Highlight: Kylian Mbappe became first Real Madrid player to score in seven different competitions