താന്‍ ടീം വിട്ടതോടെയാണ് പി.എസ്.ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതെന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.
തനിക്കെതിരെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് വലിയ താത്പര്യമുള്ള വിഷയമാണെന്നും തന്റെ പേര് കൊണ്ടുവന്നാല്‍ വാര്‍ത്തകളും മറ്റും വിറ്റുപോകും എന്നുള്ളതിനാലുമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് എന്നായിരുന്നു എംബാപ്പെയുടെ മറുപടി.
എംബാപ്പെ
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ ഇന്റര്‍ മിലാനെതിരായ റയല്‍ മാഡ്രിഡിന്റെ മത്സരത്തിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഇത് വസ്തുതകളെ അവലോകനം ചെയ്യുന്ന മറ്റൊരു രീതി മാത്രമാണ്. എന്നെക്കുറിച്ച് സംസാരിക്കുന്നത് വാണിജ്യപരമായി വലിയ വാര്‍ത്തയാകും എന്ന് എനിക്കറിയാം, ഞാന്‍ അത് അംഗീകരിക്കുന്നു. അതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ഇത് കേവലം മറ്റൊരു വിശകലനം മാത്രമാണ്,’ എന്നായിരുന്നു വിവാദങ്ങളില്‍ എംബാപ്പെ പറഞ്ഞത്.
2024 സമ്മറിലാണ് എംബാപ്പെ ഫ്രീ ഏജന്റായി പി.എസ്.ജി വിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ എത്തിയത്. യു.സി.എല്‍ കിരീടം മോഹിച്ചുതന്നെയായിരുന്നു എംബാപ്പെയുടെ കൂടുമാറ്റം.
കിലിയന്‍ എംബാപ്പെ
എന്നാല്‍ എംബാപ്പെ ബെര്‍ണാബ്യൂവിലെത്തിയതിന് ശേഷം ലീഗ് കിരീടമോ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമോ നേടാന്‍ ലോസ് ബ്ലാങ്കോസിന് സാധിച്ചിരുന്നില്ല.
എന്നാല്‍ മറുവശത്ത്, എംബാപ്പെ ടീം വിട്ട അതേ സീസണില്‍ തന്നെ ലൂയീസ് എന്‌റിക്വ് എന്ന മാന്ത്രികന് കീഴില്‍ പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ യു.സി.എല്‍ കിരീടം നേടി. ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെ വീഴ്ത്തിക്കൊണ്ടായിരുന്നു ടീമിന്റെ ചരിത്ര വിജയം. യു.സി.എല്‍ ചരിത്രത്തിലെ ഏറ്റവും ഡോമിനേറ്റിങ് ഫൈനല്‍ കൂടിയായിരുന്നു അത്.
ചരിത്രം കുറിച്ച ആദ്യ കിരീടവുമായി
ആ സീസണില്‍ ഡൊമസ്റ്റിക് ട്രെബിള്‍ അടക്കം നേടിയ പി.എസ്.ജിക്ക് ഐക്കോണിക് സെക്‌സറ്റപ്പിളെന്ന നേട്ടത്തിന് തൊട്ടടുത്തെത്തിയെങ്കിലും ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെട്ടു.
അടുത്ത സീസണില്‍ ആഴ്‌സണലിനെ തോല്‍പിച്ച് യു.സി.എല്‍ നിലനിര്‍ത്തിയ പി.എസ്.ജി തുടര്‍ച്ചയായി കിരീടം ചൂടുന്ന ടീമെന്ന നേട്ടവും സ്വന്തമാക്കി.
2026 യു.സി.എൽ കിരീടവുമായി പി.എസ്.ജി. Photo: PSG/x.com
അതേസമയം, റയല്‍ മാഡ്രിഡില്‍ എത്തിയതിനുശേഷം വലിയ ട്രോഫികള്‍ നേടാന്‍ സാധിക്കാത്തതും, കഴിഞ്ഞ സീസണില്‍ 15 ഗോളുകളോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററായിട്ടും ടീമിന് കിരീടം നേടാനാകാത്തതും എംബാപ്പെയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എംബാപ്പെയുടെ തീരുമാനം.
Content Highlight: Kylian Mbappé responds to those who claim that PSG won consecutive Champions League titles because he left.