| Monday, 22nd December 2025, 6:13 pm

കുതിപ്പ് തുടര്‍ന്ന് എംബാപ്പെ; ബെന്‍സെമയെ ഉന്നം വെച്ചാണ് ഇവന്റെ തേരോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. കഴിഞ്ഞ ദിവസം ലാലിഗയില്‍ റയല്‍ മാഡ്രിഡിനായി ഗോള്‍ നേടി വീണ്ടും താരം റെക്കോഡിട്ടിരുന്നു. കഴിഞ്ഞ ദിവസം സെവിയ്യക്ക് എതിരെയുള്ള മത്സരത്തില്‍ ടീമിനായി താരം ഗോള്‍ നേടിയിരുന്നു.

മത്സരത്തില്‍ റയലിന്റെ രണ്ട് ഗോളില്‍ അവസാന ഗോള്‍ എംബാപ്പെയുടെ വകയായിരുന്നു. 86ാം മിനിട്ടിലായിരുന്നു താരം ഗോള്‍ വലയിലെത്തിച്ചത്. പെനാല്‍റ്റിയിലൂടെ ആയിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ഗോൾ നേട്ടം ആഘോഷിക്കുന്ന കിലിയൻ എംബാപ്പെ. Photo: Real Madrid CF/x.com

ഇതോടെ ഫ്രഞ്ച് നായകന്‍ റയലിനായി ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തി. ഇരുവരും 59 ഗോളുകള്‍ നേടിയാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. റോണോ 2013ലാണ് നേടിയതെങ്കില്‍ 12 വര്‍ഷങ്ങള്‍ക്ക് അപ്പുറമാണ് എംബാപ്പെ ഈ നേട്ടം കരസ്ഥമാക്കിയത്.

ഈ റെക്കോഡിനൊപ്പം തന്നെ മറ്റൊരു സൂപ്പര്‍ നേട്ടവും എംബാപ്പെ സ്വന്തം അക്കൗണ്ടിലെത്തിച്ചു. ഫ്രഞ്ച് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനാണ് 27കാരന് സാധിച്ചത്. എന്നാല്‍, ഈ സ്ഥാനം താരം ഒറ്റക്കല്ല കയ്യാളുന്നത്.

തിയറി ഹെൻറിയും കരീം ബെൻസെമയും. Photo: Eurofoot & 433/x.com

മുന്‍ ആഴ്സണല്‍ താരം തിയറി ഹെന്റിയും രണ്ടാം സ്ഥാനത്തുണ്ട്. ഇരുവര്‍ക്കും 411 ഗോളുകളുണ്ട്. ഫ്രഞ്ച് ടീമിനും ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ചാണ് ഹെന്റിയും എംബാപ്പെയും ഇത്രയും ഗോളുകള്‍ അടിച്ചത്.

ഈ ലിസ്റ്റില്‍ ഒന്നാമത് സൂപ്പര്‍ താരം കരീം ബെന്‍സെമയാണ്. താരത്തിന് 509 ഗോളുകളാണുള്ളത്. എന്നാല്‍ ഈ റെക്കോഡ് ഒട്ടും സെയ്ഫല്ല. റോണോയെയടക്കം പിന്തള്ളിയുള്ള എംബാപ്പയുടെ കുതിപ്പില്‍ ഈ മൈല്‍സ്റ്റോണും സമീപകാലത്ത് തന്നെ തകര്‍ക്കപ്പെടാം.

Content Highlight: Kylian Mbappe is the second-highest goal scorer in French football history

Latest Stories

We use cookies to give you the best possible experience. Learn more