| Monday, 9th June 2025, 9:49 pm

ഒരു സംശയവും വേണ്ട, ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ അവന്‍ തന്നെ; വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പുമായി പ്രോട്ടിയാസ് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ കഗീസോ റബാദയെ തെരഞ്ഞെടുത്ത് സഹതാരങ്ങള്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 ഫൈനലിന് മുമ്പാണ് ഏയ്ഡന്‍ മര്‍ക്രം, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ എന്നിവരാണ് നിലവിലെ ഏറ്റവും മികച്ച ബൗളറായി റബാദയെ തെരഞ്ഞെടുത്തത്.

‘കെ.ജി (കഗീസോ റബാദ)യാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ബിഗ് സ്‌റ്റേജുകളില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം. ഇതിനേക്കാള്‍ (വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍) വലിയ ഒരു അവസരം അദ്ദേഹത്തിന് ഇനി ലഭിക്കില്ലെന്നും ഞാന്‍ കരുതുന്നു. ഫൈനലില്‍ അദ്ദേഹത്തിന്റെ സേവനം ഏറെ വലുതായിരിക്കും,’ കൈല്‍ വെരായ്‌നെ പറഞ്ഞു.

‘അദ്ദേഹമാണ് (കഗീസോ റബാദ) ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്നാണ് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നത്. അദ്ദേഹം ഇതിന് മുമ്പ് ഇവിടെ (ലോര്‍ഡ്‌സ്) കളിച്ചിട്ടുണ്ട്. ഇവിടെ വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം വിജയത്തിനും കാരണമാകും. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. അദ്ദേഹം ഞങ്ങളുടെ ജോലി എളുപ്പമാക്കുന്നു, ഞങ്ങളുടെ അറ്റാക്കിങ്ങിന്റെ ലീഡറും റബാദ തന്നെയാണ്,’ എന്നായിരുന്നു ബെഡ്ഡിങ്ഹാമിന്റെ അഭിപ്രായം.

‘റബാദ ബിഗ് മൊമെന്റുകളില്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാനും മുമ്പില്‍ നിന്ന് നയിക്കാനും ഇഷ്ടപ്പെടുന്ന ആളാണ്, ആ യാത്രയില്‍ അവന്‍ ഞങ്ങളെയും കൂടെ കൂട്ടുന്നു. അവന്‍ ഞങ്ങളിലെ പ്രധാനിയാണ്. ബൗളിങ് ഡിപ്പാര്‍ട്‌മെന്റിലെ മറ്റ് താരങ്ങളെ സഹായിക്കുകയും ഇതിലൂടെ ഒന്നിച്ച് വര്‍ക് ചെയ്യാനുള്ള വഴി അവര്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒരു സംശയവും വേണ്ട, അവനാണ് അറ്റാക്കിങ്ങിലെ ഞങ്ങളുടെ ലീഡര്‍,’എന്നാണ് റബാദയെ കുറിച്ച് ഏയ്ഡന്‍ മര്‍ക്രം പറഞ്ഞത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ കളിച്ച പത്ത് മത്സരത്തിലെ 20 ഇന്നിങ്‌സില്‍ നിന്നും 47 വിക്കറ്റുകളാണ് റബാദ സ്വന്തമാക്കിയത്. 19.97 ശരാശരിയിലും 37.89 സ്‌ട്രൈക്ക് റേറ്റിലുമാണ് റബാദ സ്വന്തമാക്കിയത്. ഈ സൈക്കിളില്‍ മൂന്ന് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 6/46 ആണ്.

അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11 മുതല്‍ 15 വരെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയ

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

സൗത്ത് ആഫ്രിക്ക

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

Content Highlight: Kyle Verreynne,  David Bedingham and Aiden Markram says Kagiso Rabada is the best bowler right now

We use cookies to give you the best possible experience. Learn more