| Saturday, 10th October 2026, 6:38 pm

കെ.വി.എന്‍ പ്രൊഡക്ഷന്‍സ് അഥവാ പാന്‍ ഇന്ത്യന്‍ പടക്കക്കട... മൂന്ന് ഇന്‍ഡസ്ട്രിയില്‍ ആറ് ഫ്‌ളോപ്പുകള്‍, അപൂര്‍വ റെക്കോഡെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കന്നഡയിലെ മുന്‍നിര നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്. മറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ തങ്ങളുടെ സിനിമ എങ്ങനെയെങ്കിലും വിജയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കെ.വി.എന്‍ ഈ വര്‍ഷം മാത്രം ആറ് ഫ്‌ളോപ്പുകളാണ് ബോക്‌സ് ഓഫീസിന് സമ്മാനിച്ചിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത ഇന്‍ഡസ്ട്രികളിലായിട്ടാണ് ആറ് ഫ്‌ളോപ്പുകള്‍ ഒരുക്കിയത്. വന്‍ ബജറ്റിലൊരുങ്ങിയ ഈ ആറ് സിനിമകളും മുടക്കുമുതല്‍ പോലും തിരിച്ച് കിട്ടാതെയാണ് കളംവിട്ടത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബെയ്‌ലും ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണതോടെയാണ് ചരിത്രത്തിലെ അപൂര്‍വ നേട്ടം കെ.വി.എന്നിന്റെ പേരിലായത്.

വിജയ് നായകനായ ജന നായകന്‍, യഷിന്റെ ടോക്‌സിക് എന്നീ ചിത്രങ്ങള്‍ സാമാന്യം നല്ല രീതിയില്‍ കെ.വി.എന്നിന്റെ കൈ പൊള്ളിച്ചിരുന്നു. 450 കോടി ചെലവഴിച്ച് ഒരുക്കിയ ജന നായകന്‍ 150 കോടിയുടെ നഷ്ടം സമ്മാനിച്ചപ്പോള്‍ 340 കോടിയുടെ നഷ്ടമാണ് ടോക്‌സിക്കിലൂടെ ലഭിച്ചത്. ഇതുകൂടാതെ കന്നഡയിലും ഹിന്ദിയിലുമായി രണ്ട് മെഗാ ഡിസാസ്റ്ററും കെ.വി.എന്‍ സ്വന്തമാക്കി.

100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ കെ.ഡി. ദി ഡെവിള്‍ 20 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹയ്‌വാനിലൂടെ ബോളിവുഡ് എന്‍ട്രി നടത്തിയതും പിഴച്ചു. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം പത്തുകോടി പോലും നേടാതെയാണ് കളംവിട്ടത്. ഈ വര്‍ഷം കെ.വി.എന്‍ നിര്‍മിച്ചവയില്‍ ഹിറ്റ് സ്റ്റാറ്റസ് നേടിയത് മലയാള ചിത്രം ബാലന്‍ മാത്രമാണ്.

ആറ് സിനിമകള്‍ക്കും കൂടി 1500 കോടിയിലേറെ ചെലവഴിച്ച കെ.വി.എന്നിന് 900 കോടിയുടെ നഷ്ടമാണ് ഈ വര്‍ഷം നേരിടേണ്ടി വന്നത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു പ്രൊഡക്ഷന്‍ ഹൗസിനും ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഭാഷാവ്യത്യാസമില്ലാതെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഫ്‌ളോപ്പുകളൊരുക്കുന്നവര്‍ എന്നും കെ.വി.എന്നിനെ ചിലര്‍ പരിഹസിക്കുന്നു.

ഒരു കഥ കേട്ട് അത് ഹിറ്റാകുമോ ഇല്ലയോ എന്ന് തിരിച്ചറിയാനാകില്ലേ എന്നാണ് കെ.വി.എന്നിന്റെ ഫ്‌ളോപ്പ് സ്ട്രീക്കില്‍ പലരും ചോദിക്കുന്നത്. തമിഴില്‍ ലൈക്ക പ്രൊഡക്ഷന്‍സിന് വന്ന അതേ ഗതി തന്നെയാകും കെ.വി.എന്നിന് നേരിടേണ്ടി വരിക എന്നും ചില സിനിമാപേജുകള്‍ പ്രവചിക്കുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നായകനാകുന്ന കാക്കയാണ് കെ.വി.എന്നിന്റെ അടുത്ത പ്രൊജക്ട്. ചിത്രം ഹിറ്റാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: KVN Productions sixth Box Office disaster this year

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more