തിരുവനന്തപുരം: കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മിതമാണെന്നുള്ള മാത്യൂ കുഴല്‍നാടന്റെ ആരോപണം തള്ളി കെ. കൃഷ്ണന്‍ കുട്ടി.
മാത്യൂ കുഴല്‍നാടന്‍ പുറത്ത് വിട്ട ശബ്ദ സന്ദേശം തന്റെതല്ലെന്നും എ.ഐ നിര്‍മിതമാണെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും കരിമണല്‍ ലോബിക്കായി തോട്ടത്തില്‍ സ്പില്‍വേ തുറക്കാതിരിക്കാന്‍ മാത്യൂ ടി. തോമസ് ഇടപെട്ടുവെന്നുമായിരുന്നു കുഴല്‍ നാടന്റെ ആരോപണം.
ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടുള്ള ആരോപണമാണെന്നും മാത്യൂ ടി. തോമസിനെ മോശക്കാരനാക്കാനാണിതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. ശബ്ദ സന്ദേശം ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം മനുഷ്യ നിര്‍മിതമാണെന്ന് ആരോപണമുണ്ടായിരുന്നുവെങ്കില്‍ മാത്യൂ ടി. തോമസ് എന്തുകൊണ്ട് അസംബ്ലിയില്‍ ഉന്നയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയം നേരത്തെ ഐ.ഐ.ടി അന്വേഷണം നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
‘കുഴല്‍നാടനൊപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാത് തന്റെ പേസണല്‍ സ്റ്റാഫ് അംഗം ആയിരുന്നില്ല. കുഴല്‍നാടന്‍ പ്രഭാതിനെ ഉപയോഗിച്ച് ആരോപണം ഉന്നയിക്കുകയാണ്. പ്രാഭാത് നിലവില്‍ ജനതാദളില്‍ ഇല്ല,’ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
ചില അനാവശ്യ കാര്യങ്ങള്‍ ആവശ്യപ്പെട്ടത് കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും കിട്ടാതായപ്പോള്‍ പാര്‍ട്ടിയോട് ഇടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായ ആരോപണം നിഷേധിച്ച് മാത്യൂ ടി. തോമസും രംഗത്തെത്തിയിരുന്നു.
ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ ഒരു അഴിമതിയും താന്‍ നടത്തിയിട്ടില്ലെന്നും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായത് അതിതീവ്ര മഴകാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി. തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തതാണെന്നുമാണ് മാത്യു കുഴല്‍ നാടന്റെ ആരോപണം.
ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി. തോമസ് തോട്ടപ്പള്ളി സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.
മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നത്.
തെളിവായി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴല്‍നാടന്‍ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതില്‍ പങ്കുണ്ടെന്നും കൃഷ്ണന്‍കുട്ടി ശബ്ദരേഖയില്‍ പറയുന്നു.
കരിമണല്‍ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയില്‍ കൃഷ്ണന്‍ കുട്ടി പറയുന്നു.
Content Highlight: Kuzhalnadan releases audio claiming flood was man-made; Mathew.T Thomas says flood was caused by extreme rain: Krishnan Kutty says voice message is AI