| Monday, 28th July 2025, 7:17 am

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ലിഞ്ചിങ് തടയാന്‍ നടപടിയെടുക്കണം: കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി സൈബര്‍ ഇടങ്ങളില്‍ തുടരുന്ന സംഘടിത നീക്കത്തിനെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സൈബര്‍ ആക്രമണത്തിന് അറുതിവരുത്തണമെന്നും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളുമാണ് ഇക്കാര്യം ഉന്നയിച്ചത്.

‘സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചരണവും ആക്രമണവും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ് സൈ്വര ജീവിതത്തിന് തന്നെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്,’ കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.

ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ, മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

പ്രമുഖരായ വനിത മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബര്‍ ലിഞ്ചിങ്ങിനുമാണ് സൈബര്‍ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.യു.ഡബ്ല്യു.ജെ പറഞ്ഞു. ഇതിനുപുറമെ സൈബര്‍ ക്രിമിനലുകളെ വിലക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Action must be taken to prevent cyber lynching against women journalists: KUWJ

We use cookies to give you the best possible experience. Learn more