| Friday, 15th August 2025, 8:24 am

കുവൈത്തിലെ വ്യാജമദ്യദുരന്തം; മരണം 23 ആയി, മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും 

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 23 ആയി. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ ഇരിണാവ് സ്വദേശിയായ പി. സച്ചിന്‍ (31) ആണ് മരിച്ചത്. സച്ചിന്‍ മരണപ്പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരിച്ചവരില്‍ ആറ് പേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷബാധയെ തുടര്‍ന്ന് നാല് തമിഴ്‌നാട് സ്വദേശികളും രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളും മരിച്ചു. വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ട മുഴുവന്‍ ആളുകളും ഏഷ്യക്കാരാണ്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് +965-65501587 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ദുരന്തത്തില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമായതായാണ് വിവരം. നിലവില്‍ 160 മദ്യ വിഷബാധ കേസുകളാണ് കുവൈത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയിരുന്ന രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്.

സമ്പൂര്‍ണ മദ്യനിരോധനമുള്ള കുവൈത്തില്‍ വ്യാജ മദ്യനിര്‍മാണത്തിനെതിരെ അധികൃതര്‍ കടുത്ത നടപടി സ്വീകരിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അടുത്തിടെ നിരവധി മദ്യ നിര്‍മാണ കേന്ദ്രങ്ങളാണ് കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അടച്ചുപൂട്ടിയത്. ജൂലൈയില്‍ ഏകദേശം 52 പേര്‍ പിടിയിലാകുകയും ചെയ്തിരുന്നു.

Content Highlight: Fake liquor tragedy in Kuwait; Death toll rises to 23, Kannur native among the dead

We use cookies to give you the best possible experience. Learn more