| Wednesday, 20th August 2025, 10:16 am

കുവൈത്ത് വ്യാജമദ്യ ദുരന്തം; ഇന്ത്യക്കാരടക്കമുള്ളവരെ നാടുകടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: രാജ്യത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരടക്കമുള്ളവരെയും അറസ്റ്റിലായവരെയും നാടുകടത്തും. 160 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ ഇതുവരെയും ചികിത്സ തേടിയിരിക്കുന്നത്. നാടുകടത്തിയവരെ തിരികെ കുവൈത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കും.

കഴിഞ്ഞ ആഴ്ചയായിരുന്നു കുവൈത്തില്‍ വ്യാജമദ്യ ദുരന്തം ഉണ്ടാകുന്നത്. 23 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇതുവരെ 71 പേരെയാണ് അറസ്റ്റ് ചെയ്തത്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടെയുണ്ട്. വിഷബാധയെ തുടര്‍ന്ന് നാല് തമിഴ്നാട് സ്വദേശികളും രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളും മരിച്ചു. വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മരണപ്പെട്ട മുഴുവന്‍ ആളുകളും ഏഷ്യക്കാരാണ്. 12 പേര് നേപ്പാളി പൗരന്മാരാണെന്ന് കുവൈത്തിലെ നേപ്പാള്‍ എംബസി സ്ഥിരീകരിച്ചിരുന്നു. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ദുരന്തത്തില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. സമ്പൂര്‍ണ മദ്യനിരോധനമുള്ള കുവൈത്തില്‍ വ്യാജ മദ്യനിര്‍മാണത്തിനെതിരെ അധികൃതര്‍ കടുത്ത നടപടി സ്വീകരിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അടുത്തിടെ നിരവധി മദ്യ നിര്‍മാണ കേന്ദ്രങ്ങളാണ് കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അടച്ചുപൂട്ടിയത്. ജൂലൈയില്‍ ഏകദേശം 52 പേര്‍ പിടിയിലാകുകയും ചെയ്തിരുന്നു.

Content Highlight: Kuwait fake alcohol disaster; Victims, including Indians, to be deported

We use cookies to give you the best possible experience. Learn more