കുവൈത്ത് സിറ്റി: രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം നിലവില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യം. വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും ആകാശത്ത് വച്ച് നശിപ്പിക്കുന്നുണ്ട്. ഇത് കാരണമാണ് സ്‌ഫോടനത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും കുവൈത്ത് സൈന്യം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.
‘കുവൈത്തി വ്യോമ പ്രതിരോധം നിലവില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുകയാണ്. ഏത് സ്‌ഫോടന ശബ്ദം കേള്‍ക്കുകയാണെങ്കിലും അത് വ്യോമ പ്രതിരോധ സംവിധാനം ഈ ആക്രമണങ്ങളെ നേരിടുന്നത് കാരണമുള്ളവയാണെന്ന് സൈനിക മേധാവി വ്യക്തമാക്കിയിട്ടുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ മിസൈലുകളും ഡ്രോണുകളും എവിടെ നിന്നാണ് വന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഏതെല്ലാം മേഖലകളില്‍ വച്ചാണ് മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തതെന്നും പ്രസ്താവനയില്‍ പറയുന്നില്ല.
യു.എസ്- ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി വീണ്ടും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ കുവൈത്ത് സൈന്യത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്.
നേരത്തെ ഇറാനെതിരെ യു.എസ്. വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പ്രത്യാക്രമണം നടത്തിയതായി ഇറാനും അറിയിച്ചിരുന്നു.
ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഒരു സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് യു.എസ് ആക്രമണമെന്ന് അധികരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം.
യു.എസിന്റെ ആക്രമണത്തിനെതിരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബന്ദര്‍ അബ്ബാസ് ലക്ഷ്യം വച്ചുള്ള ആക്രമണത്തിനുപയോഗിച്ച യു.എസ് വ്യോമതാവളം ആക്രമിച്ച് തകര്‍ത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചതായി ഇറാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈത്തില്‍ യു.എസിന്റെ ഒരു വ്യോമതാവളമുണ്ട്. യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ ഇവ അവസാനിച്ചിരുന്നു.
മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് യു.എസ് ഇറാനില്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച ബന്ദര്‍ അബ്ബാസ് അടക്കം തെക്കന്‍ ഇറാനിലെ പ്രദേശങ്ങളില്‍ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു.
Content Highlight: Kuwait says air defenses intercepting hostile missile, drone attacks: urged people to follow security and safety instructions