| Saturday, 6th June 2026, 7:04 am

ടി-20യില്‍ 'ഡബിള്‍ സെഞ്ച്വറി' സഞ്ജുവിന്റെ ലോക റെക്കോഡിനൊപ്പം നേപ്പാള്‍ താരം

Sudev A

ടി-20യില്‍ ചരിത്രം കുറിച്ച് നേപ്പാള്‍ താരം കുശാല്‍ ഭര്‍ട്ടല്‍. ഇന്റര്‍നാഷണല്‍ ടി-20യില്‍ തുടര്‍ച്ചയായ രണ്ട് ഇന്നിങ്സുകളില്‍ സെഞ്ച്വറി നേടിയാണ് താരം ചരിത്രം സൃഷ്ടിച്ചത്. ടി-20 ഏഷ്യന്‍ ഗെയിംസ് ക്വാളിഫയറില്‍ മലേഷ്യക്കെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് കുശാല്‍ ഭര്‍ട്ടലിനെ തേടി ഈ നേട്ടമെത്തിയത്.

മലേഷ്യക്കെതിരെ 54 പന്തില്‍ നിന്നും 126 റണ്‍സാണ് താരം അടിച്ചെടുത്തത്. 14 ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് നേപ്പാള്‍ താരത്തിന്റെ ഇന്നിങ്‌സ്.

ഭര്‍ട്ടലിന്റെ സെഞ്ച്വറി കരുത്തില്‍ മലേഷ്യക്കെതിരെ 167 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 275 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മലേഷ്യയുടെ ഇന്നിങ്സ് 108 റണ്‍സില്‍ അവസാനിച്ചു.

ഇതിന് മുമ്പ് ഇതിന് മുമ്പ് ചൈനക്കെതിരെ നടന്ന മത്സരത്തിലും ഭര്‍ട്ടല്‍ സെഞ്ച്വറി നേടിയിരുന്നു. 43 പന്തുകള്‍ നേരിട്ട താരം ചൈനക്കെതിരെ 129 റണ്‍സാണ് നേടിയത്. 300 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഭര്‍ട്ടല്‍ അഞ്ച് ഫോറുകളും 16 കൂറ്റന്‍ സിക്‌സുകളുമാണ് അടിച്ചുകൂട്ടിയത്. മലേഷ്യക്കെതിരെയും സെഞ്ച്വറി കടന്നതോടെയാണ് ഈ ചരിത്രനേട്ടം താരം കൈപ്പിടിയിലാക്കിയത്.

കുശാല്‍ ഭര്‍ട്ടല്‍

ടി-20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി പത്താമത്തെ താരമാണ് ഭര്‍ട്ടല്‍. ടി-20യിലെ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഭര്‍ട്ടല്‍ മലേഷ്യക്കെതിരെ നേടിയത്. നേപ്പാളിനായി 2021ല്‍ കുട്ടിക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഭര്‍ട്ടല്‍ 78 മത്സരങ്ങളില്‍ നിന്നും 2240 റണ്‍സാണ് നേടിയിട്ടുള്ളത്. 14 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

ഈ നേട്ടത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുമുണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരാണ് തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി അമ്പരപ്പിച്ചത്. 2024ല്‍ സഞ്ജു ബംഗ്ലാദേശിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമാണ് സെഞ്ച്വറി കടന്നത്. തിലക് പ്രോട്ടിയാസിനെതിരെയും തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി.

സഞ്ജു സാംസൺ & തിലക് വർമ

ഇന്റര്‍നാഷണല്‍ ടി-20യില്‍ തുടര്‍ച്ചയായി രണ്ട് ഇന്നിങ്സുകളില്‍ നേടിയ താരം, രാജ്യം

ഗുസ്താവ് മക്കിയോണ്‍-ഫ്രാന്‍സ്

റിലി റൂസോ-സൗത്ത് ആഫ്രിക്ക

ഫില്‍ സാള്‍ട്ട്-ഇംഗ്ലണ്ട്

സഞ്ജു സാംസണ്‍-ഇന്ത്യ

തിലക് വര്‍മ-ഇന്ത്യ

ദാരിയസ് വിസ്സര്‍-സമോവ

മുഹമ്മദ് ഇഹ്സാന്‍-സ്പെയ്ന്‍

മുസാദിഖ് അഹമ്മദ്-ജര്‍മനി

ആദില്‍ ഭട്ട്-സ്വാസിലാന്‍ഡ്

കുശാല്‍ ഭര്‍ട്ടല്‍-നേപ്പാള്‍

അതേസമയം ടി-20 ഏഷ്യൻ ഗെയിംസ് ക്വാളിഫയറിൽ ഒമാനെതിരെയാണ് നേപ്പാളിന്റെ അടുത്ത മത്സരം. സിംഗപൂരിലാണ് മത്സരം.

Content Highlight: Kushal Bhurtel create a historical record in t20 cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more