ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് പാകിസ്ഥാന്‍. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മെന്‍ ഇന്‍ ഗ്രീന്‍ ഉയര്‍ത്തിയ 300 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ലങ്കന്‍ നിരയില്‍ സൂപ്പര്‍ താരം കുശാല്‍ മെന്‍ഡിസ് പാടെ നിരാശപ്പെടുത്തിയിരുന്നു. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് താരം പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാരിസ് റൗഫിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു മെന്‍ഡിസിന്റെ മടക്കം.
ഇതോടെ ഒരു മോശം റെക്കോഡും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ക്രിക്കറ്റില്‍ കുശാല്‍ മെന്‍ഡിന്‍സ് അരങ്ങേറിയ ശേഷം ഏറ്റവും കൂടുതല്‍ ഡക്കായ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനും മെന്‍ഡിസാണ്. ഈ നേട്ടത്തില്‍ ജസ്പ്രീത് ബുംറയെ മറികടന്നാണ് താരം പട്ടികയില്‍ മുന്നിലെത്തിയത്.
ക്രിക്കറ്റില്‍ കുശാല്‍ മെന്‍ഡിന്‍സ് അരങ്ങേറിയ ശേഷം ഏറ്റവും കൂടുതല്‍ ഡക്കായ താരം, ഡക്ക്
കുശാല്‍ മെന്‍ഡിസ് – 37
ജസ്പ്രീത് ബുംറ – 36
ജോണി ബെയര്‍സ്‌റ്റോ – 31
കഗീസോ റബാദ – 28
ജെന്‍സന്‍ ഹോള്‍ഡര്‍ – 27
വിരാട് കോഹ്‌ലി/ബ്ലസിങ് മുസാരബാനി – 26
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം സല്‍മാന്‍ അലി ആഘയുടെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 87 പന്ത് നേരിട്ട് താരം പുറത്താകാതെ 105 റണ്‍സ് നേടി. 63 പന്തില്‍ 62 റണ്‍സടിച്ച ഹുസൈന്‍ താലത്താണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 23 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയ മുഹമ്മദ് നവാസിന്റെ പ്രകടനവും ടീമില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 299ലെത്തി.
ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അസിത ഫെര്‍ണാണ്ടോ മഹീഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ഓരോ താരങ്ങളും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പാക് ബൗളര്‍മാര്‍ വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനും ലങ്കയെ അനുവദിച്ചില്ല.
52 പന്തില്‍ 59 റണ്‍സ് നേടിയ വാനിന്ദു ഹസരങ്കയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സധീര സമരവിക്രമ (48 പന്തില്‍ 39), കാമില്‍ മിശ്ര (36 പന്തില്‍ 38), ചരിത് അസലങ്ക (49 പന്തില്‍ 32) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
300 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ഒമ്പത് വിക്കറ്റില്‍ 293ന് പോരാട്ടം അവസാനിപ്പിച്ചു.
പാകിസ്ഥാനായി ഹാരിസ് റൗഫ് നാല് വിക്കറ്റ് സ്വന്തമാക്കി. ഫഹീം അഷ്റഫും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ന് മുമ്പിലാണ്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. റാവല്‍പിണ്ടി തന്നെയാണ് വേദി.
Content Highlight: Kusal Mendis In Bad Record Achievement