| Tuesday, 6th February 2018, 6:18 pm

തനിക്കെതിരെ നടന്നത് സംഘം ചേര്‍ന്നുള്ള ആസൂത്രിത ആക്രമണം;കുരീപ്പുഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: തനിക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടായതുകൊണ്ട് ശാരീരികമായി ആക്രമികള്‍ നേരിട്ടില്ല. അവര്‍ ചുറ്റും നിലയുറപ്പിച്ചിരുന്നു. വടയമ്പാടി ജാതിമതില്‍ നിലപാടിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഇന്നലെ രാത്രിയാണ് കുരീപ്പുഴയ്ക്ക് നേരെ ആക്രമണമുണ്ടായത്. വടയമ്പാടി സമരത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞപ്പോഴായിരുന്നു കൈയ്യേറ്റം. ഇന്ത്യയിലെ വര്‍ഗ്ഗീയതയെക്കുറിച്ചും മറ്റും ഉദ്ഘാടന പ്രസംഗത്തില്‍ കുരീപ്പുഴ സംസാരിച്ചതില്‍ പ്രകോപിതരായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്.

ഉദ്ഘാടനം കഴിഞ്ഞ് കവി കാറില്‍ കയറിപ്പോഴായിരുന്നു കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് കൈയ്യേറ്റം ചെയ്തത്. വാഹനവും അക്രമികള്‍ കേടുവരുത്തി.

We use cookies to give you the best possible experience. Learn more