| Tuesday, 1st October 2019, 2:30 pm

ഭൂരിപക്ഷ ജനസഞ്ചയത്തിന്റെ ഭാഷയല്ല ഹിന്ദി: കുരീപ്പുഴ ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍.

ഹിന്ദി നമ്മുടെ ഭൂരിപക്ഷ ഭാഷയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗമണ്ണിലെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ ലാറ്റിറ്റിയൂഡ് 2019-ന്റെ ഭാഗമായി നടന്ന പ്രഭാഷണത്തില്‍ ‘മാറ്റത്തിനു വേണ്ടിയുള്ള കവിത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കുരീപ്പുഴ ശ്രീകുമാര്‍.

സമരചരിത്രങ്ങളിലൂടെയാണ് മലയാളകവിത വികാസം പ്രാപിച്ചത്. എഴുത്തച്ഛനും കുമാരനാശനുമൊക്കെ ഈ സമരവഴിയിലൂടെ സഞ്ചരിച്ചവരാണ്. മുദ്രാവാക്യങ്ങള്‍ അവകാശപ്രഖ്യാപന കവിതകളാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള കവിതയിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആഖ്യാനമുള്ളത് ഉണ്ണിയാര്‍ച്ചപ്പാട്ടിലാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1,2 തീയതികളിലാണ് ലാറ്റിറ്റിയൂഡ് സംഘടിപ്പിച്ചിരിക്കുന്നത്.

കല,വാസ്തുകല, ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളിലായി 15ലധികം ശില്പശാലകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, കലാസന്ധ്യ എന്നിവ മേളയുടെ ഭാഗമായി അവതരിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസംരംഭങ്ങള്‍, നൃത്തം, നഗരാസൂത്രണം, ഭാഷ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യദിനമായ ഇന്ന് നൗഷാദ് പി.എം, കുരീപ്പുഴ ശ്രീകുമാര്‍, ബിജു പ്രഭാകര്‍ ഐ.എ.എസ്, അബ്ദുള്‍ ബഷീര്‍, ജയിംസ് സക്കറിയ, ഡോ.ബേബി സാം മാനുവല്‍ എന്നിവരാണ് സെമിനാറുകള്‍ നയിക്കാനെത്തുന്നത്.

പ്രശാന്ത് നാരായണന്‍, രാജീവ് വിന്‍ഡ്ക്രാഫ്റ്റ്, ആന്റോ ജോര്‍ജ്, സുനില്‍ ലാല്‍ ടി.ആര്‍, അലക്സ് ചാണ്ടി, ശ്രീകാന്ത് കാമിയോ, കെ.ടി ഫ്രാന്‍സിസ്, പി.കെ.സദാനനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകളും പരിപാടിയുടെ ഭാഗമായി പുരോഗമിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more