| Monday, 12th May 2025, 5:56 pm

നാല്‍പ്പത് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ച് സായുധ സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: നാല് പതിറ്റാണ്ടുകളായി തുര്‍ക്കി ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന കുര്‍ദിഷ് സായുധസംഘടനയായ പി.കെ.കെ (ദി കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി) അവരുടെ പോരാട്ടം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഭരണകൂടത്തിനെതിരായ പോരാട്ടം അവസാനിപ്പിച്ചതിന് പുറമെ സംഘടന പിരിച്ച് വിടാനും ഗ്രൂപ്പ് തീരുമാനിച്ചതായും ഗ്രൂപ്പ് അംഗങ്ങളും സംഘടന നേതാക്കളും അറിയിച്ചു.

1984 മുതലാണ് സ്വതന്ത്രമായ ഒരു കുര്‍ദ്ദിഷ് രാഷ്ട്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിരുന്നു പി.കെ.കെ. ഭരണകൂടവുമായുള്ള ഈ പോരാട്ടത്തില്‍ ഏകദേശം 40000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

തുര്‍ക്കിയും അതിന്റെ സഖ്യകക്ഷികളായ രാജ്യങ്ങളും പി.കെ.കെയെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ സംഘടനയുടെ പിരിച്ചുവിടലിനോട് എര്‍ദോഗന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പില്‍ വടക്കന്‍ ഇറാഖില്‍ നടന്ന സംഘടനയുടെ കോണ്‍ഫറന്‍സില്‍ ജയിലില്‍ കഴിയുന്ന ഗ്രൂപ്പിന്റെ നേതാവ് അബ്ദുല്ല ഒകലാന്റെ നേതൃത്വത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തതെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ പി.കെ.കെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഒരു സ്വതന്ത്ര കുര്‍ദിഷ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1978ലാണ് ഒകലാന്‍ പി.കെ.കെ സ്ഥാപിച്ചത്. 1984ല്‍ ഇത് സായുധ സംഘട്ടനമായി വളര്‍ന്നു.2013 നും 2015 നും ഇടയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള സമാധാന ശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പി.കെ.കെ നിരായുധീകരിക്കാനുള്ള തീരുമാനം മറ്റൊരു അംഗവും സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സൈനിക നടപടികളും ഉടന്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം ആയുധകൈമാറ്റമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ അനുസരിച്ചായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സംഘടന പുറത്ത് വിട്ട പ്രസ്താവനയില്‍ ഗ്രൂപ്പ് അതിന്റെ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയതായി അവകാശപ്പെട്ടു. പി.കെ.കെയുടെ പോരാട്ടത്തിലൂടെ കുര്‍ദ് ജനങ്ങളെ ഉന്മൂലനം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്ന നയത്തെ തകര്‍ക്കാന്‍ സാധിച്ചെന്നും കുര്‍ദുകളുടെ പ്രശ്‌നം ജനാധിപത്യ രീതിയില്‍ പരിഹരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഫിറാത്ത് ന്യൂസ് വെബ്‌സൈറ്റിലാണ് പി.ക.കെയുടെ പ്രസ്താവന പുറത്ത് വിട്ടത്.

Content Highlight:  Kurdistan Workers’ Party ending 40 years of fighting

We use cookies to give you the best possible experience. Learn more