‘ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ കുഞ്ഞാന്റിയെന്ന കഥാപാത്രത്തെ ആദ്യമായി സ്‌ക്രീനില്‍ കാണിക്കുന്നത് വലിയൊരു കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പ്രതീതിയിലല്ല. കുടുംബത്തിലെ മറ്റൊരു അംഗം എന്ന നിലയില്‍ വളരെ സ്വാഭാവികമായാണ് ആ കഥാപാത്രം കടന്നുവരുന്നത്.
പക്ഷേ കഥ കുറച്ചുകൂടി മുന്നോട്ട് പോകുമ്പോള്‍ മാത്രമേ കുഞ്ഞാന്റിയുടെ വരവ് വെറുതെയായിരുന്നില്ലെന്ന് പ്രേക്ഷകന് മനസിലാവുകയുള്ളൂ. തിരക്കഥയ്ക്ക് കൃത്യമായി ആവശ്യമുണ്ടായിരുന്ന ഒരു കാര്യം ചെയ്യാനാണ് ഈ കഥാപാത്രത്തെ ഗിരീഷ് എ.ഡി സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഒരു കഥ മുന്നോട്ട് പോകുന്നതിനിടെ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്വയം മുന്നോട്ട് പോകാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ‘ബ്ലോക്ക്’ വരാറുണ്ട്. അപ്പോള്‍ ആ തടസം മറികടക്കാന്‍ പുതിയൊരു കഥാപാത്രത്തെ തിരക്കഥയിലേക്ക് കൊണ്ടുവരുന്നതും എഴുത്തിലെ രസകരമായൊരു തന്ത്രമാണ്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ല്‍ കുഞ്ഞാന്റി അത്തരമൊരു കഥാപാത്രമാണെന്നാണ് ചില വിലയിരുത്തലുകള്‍.
കഥയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ആഷ്ലിക്ക് തന്നോട് ഇഷ്ടമുണ്ടെന്ന കാര്യം ജസ്റ്റിന്‍ അറിയണം. പക്ഷേ അത് മറ്റാരെങ്കിലും ജസ്റ്റിനോട് വന്ന് പറഞ്ഞാല്‍ അതിന് അത്ര സ്വാഭാവികത തോന്നണമെന്നില്ല. ആ വിവരം ആഷ്ലി തന്നെ പറയുന്ന സാഹചര്യമാണ് കഥയ്ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുക. അവിടെയാണ് കുഞ്ഞാന്റിയുടെ പ്രസക്തി.
ജസ്റ്റിന്റെ ഒരു സാധാരണ ബന്ധുവായിരുന്നെങ്കില്‍ ഒരുപക്ഷേ ആഷ്ലി ജസ്റ്റിനെ ഇഷ്ടമാണെന്ന് തുറന്നുപറയില്ലായിരുന്നു. എന്നാല്‍ കുഞ്ഞാന്റി ഒരു കന്യാസ്ത്രീ കൂടിയാണ്. അതുകൊണ്ടുതന്നെ അവരോട് ആഷ്ലിക്ക് സത്യം മറച്ചുവെക്കാന്‍ കഴിയാത്ത സാഹചര്യം വരുന്നത്. അങ്ങനെ, ആഷ്ലിയുടെ മനസിലുള്ള കാര്യം പുറത്തുവരാനും അത് ജസ്റ്റിനിലേക്ക് എത്താനും തിരക്കഥ ഒരു വഴിയൊരുക്കുന്നു.
അതുകൊണ്ടുതന്നെ കുഞ്ഞാന്റിയുടെ കഥാപാത്രത്തെ ‘കഥയിലെ പ്രധാന കഥാപാത്രം’ എന്നതിലുപരി, കഥയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്ന കൃത്യമായൊരു പ്ലോട്ട് ഡിവൈസ് ആയി കാണാം. രസകരമായ കാര്യം, അവരുടെ പണി കഴിഞ്ഞാല്‍ തിരക്കഥയും അവരെ അധികം അന്വേഷിക്കുന്നില്ല എന്നതാണ്.
ജോയലിന്റെ വിവാഹം നടക്കുന്ന ക്ലൈമാക്‌സ് തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കുടുംബത്തിലെ പ്രധാനപ്പെട്ട എല്ലാവരും ഒരുമിച്ചെത്തുന്ന ആ രംഗത്തില്‍ കുഞ്ഞാന്റിയും സ്വാഭാവികമായി അവിടെ ഉണ്ടാകേണ്ടതല്ലേ എന്ന് തോന്നും.
പക്ഷേ ഫ്രെയിമില്‍ അവരെ കാണുന്നില്ല. കാരണം അതോടെ കുഞ്ഞാന്റിയുടെ തിരക്കഥാപരമായ ആവശ്യം അവസാനിച്ചുകഴിഞ്ഞു. ആഷ്ലിയുടെ മനസിലുള്ള കാര്യം പുറത്തുകൊണ്ടുവരികയും അത് ജസ്റ്റിനിലേക്കെത്തിക്കുകയുമെന്ന അവരുടെ ‘ദൗത്യം’ പൂര്‍ത്തിയായി. മാത്രല്ല ഇനി ജസ്റ്റിന്റെ വിവാഹത്തിനേ വരൂ എന്ന് കുഞ്ഞാന്റിയെ കൊണ്ട് പറയിപ്പിക്കുന്നുമുണ്ട് തിരക്കഥ.
രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമെത്തുന്ന കുഞ്ഞാറ്റി എന്ന കഥാപാത്രത്തെ സ്വാഭാവികമായ അഭിനയ രീതിയിലൂടെ പതിവുപോലെ തന്നെ ബിന്ദുപണിക്കര്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഒരു കന്യാസ്ത്രീയുടെ ഗൗരവവും അതേസമയം ജസ്റ്റിന് എങ്ങനെയെങ്കിലും ഒരു കുടുംബമുണ്ടാകണമെന്ന അവരുടെ ആഗ്രഹുമെല്ലാം വളരെ സര്‍ട്ടിലായ പെര്‍ഫോമന്‍സിലൂടെ തന്നെ ബിന്ദുപണിക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: ‘Kunjanti’ in Bethlehem Family Unit is more than just a cameo”