| Saturday, 29th December 2018, 11:33 am

മുത്തലാഖ് ബില്ലിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു; കുഞ്ഞാലിക്കുട്ടിയെ തള്ളി ഇ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വോട്ടെടുപ്പ് ദിവസം ലോക്‌സഭ ആകെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ലെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിന് എതിരെ വോട്ട് ചെയ്ത് ശകതമായ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് മുസ്‌ലിം ലീഗ് നേരത്തെ തീരുമാനിച്ചത് എന്നും ഇ.ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതില്‍ അദ്ദേഹം തന്നെ വിശദീകരണം തന്നതാണെന്നും ഞാന്‍ അതില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.ടി മറുപടി പറഞ്ഞു.

ബില്‍ രണ്ടാംവട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ചിലകക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പെട്ടന്ന് തീരുമാനിച്ചപ്പോള്‍ ലീഗും പ്രതിഷേധവോട്ടിന് അനുകൂലമായി ചിന്തിച്ചുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

Read Also : മുത്തലാഖ് വിവാദം; നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരണം; ചര്‍ച്ച ബഹിഷ്‌ക്കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും കുഞ്ഞാലികുട്ടി

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യും താനും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

മുത്തലാഖ് ബില്‍ വോട്ടെടുപ്പിനിട്ട ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താത്തതില്‍ അപാകതിയില്ലെന്നും മുത്തലാഖ് ബില്‍ ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനമെന്നും കഴിഞ്ഞ ദിവസം എം.കെ മുനീര്‍ പറഞ്ഞിരുന്നു.

“ഇതിനെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഇതിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധിച്ച് വിട്ടു നിന്നതല്ല. അതിനെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമായി പറയും”- എന്നായിരുന്നു കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മുസ്ലിം സമുദായത്തെ സംബന്ധിച്ച സുപ്രധാനമായ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി എം.പി യുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റില്‍ എത്താതിരുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more