| Friday, 5th April 2019, 12:32 pm

എന്‍.ഡി.എ മുന്നണിയിലുള്ള പച്ചക്കൊടികളുടെ കാര്യം മറക്കേണ്ട: മുസ്‌ലിം ലീഗ് വൈറസാണെന്നു പറഞ്ഞ യോഗിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അറിവില്ലായ്മയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

“യു.ഡി.എഫിന്റെ യു.പി.എയുടെ സംവിധാനത്തിലുള്ള ഒരു മതേതര പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള ഐ.ടി സാക്ഷരതയുള്ള സംസ്ഥാനം കേരളമാണ്. ഈ രണ്ട് വിപ്ലവത്തിനും നേതൃത്വം നല്‍കുന്നതില്‍ പങ്കുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ടുതന്നെ ഈ പറഞ്ഞതുപോലെ യാതൊന്നും പറയാന്‍ പറ്റില്ല.

അവിടെയിരിക്കുന്ന യോഗി ആദിത്യനാഥിന് ഇതുസംബന്ധിച്ച് യാതൊരു വിധ അറിവും ഇല്ലാത്തതുകൊണ്ട് പറയുന്നതാണ്. അദ്ദേഹം ഇത്തരത്തില്‍ പല പ്രസ്താവനകളും നടത്താറുണ്ട്. അത് അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്താറുമുണ്ട്. ഇതും തിരിഞ്ഞുകൊത്തുകയേയുള്ളൂ. ബി.ജെ.പി ഓരോരോ സംസ്ഥാനത്ത് ഏതൊക്കെ പാര്‍ട്ടികളുമായാണ് സഖ്യമുണ്ടാക്കിയത് എന്ന് അവരും വിശകലനം ചെയ്യേണ്ടതുണ്ട്. ” എന്നു പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി യോഗി ആദിത്യനാഥിനെ എന്‍.ഡി.എ മുന്നണിയിലുള്‍പ്പെട്ട പച്ചക്കൊടികളുടെ കാര്യം ഓര്‍മ്മപ്പെടുത്തിയത്.

“തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മുന്നണിയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുപോയ ഒരു പച്ചക്കൊടിയുണ്ട്. ഇവിടെയുള്ള എല്‍.ഡി.എഫിന്റെ കൂടെ ഒരു പച്ചക്കൊടിയുണ്ട്. അത് ഐ.എന്‍.എല്‍ ആണ്. പിന്നെ കശ്മീരില്‍ പി.ഡി.പിയുമായി ബി.ജെ.പി മുന്നണിയുണ്ടാക്കിയിരുന്നു. ഇന്ത്യയുടെ പല സംസ്ഥാനത്തുമുള്ള ബി.ജെ.പിയുടെ മുന്നണിയിലൊക്കെ പച്ചക്കൊടിയുണ്ട്. അതില്‍ ചിലത് ലീഗ് എന്ന് പറഞ്ഞ് നടക്കുന്നവരുമുണ്ട്.” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also read:മോദിക്കെതിരെ വാരാണാസിയില്‍  മുരളി മനോഹര്‍ ജോഷി; കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

ഇത്രയും ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിട്ട് കാര്യമല്ല. വയനാട്ടില്‍ ഒരു കൊടുങ്കാറ്റുപോലെയാണ് രാഹുല്‍ ഗാന്ധി വന്നത്. അദ്ദേഹത്തിന്റെ നാഗ്പൂര്‍ റാലിയും വന്‍ വിജയമാണ്. ഇതൊക്കെ കണ്ടിട്ട് അവര്‍ ആകെ വിറളി പൂണ്ടിട്ടുണ്ട്. യു.പിയില്‍ ആദിത്യനാഥ് സംസാരിക്കുന്നത് ഒഴിഞ്ഞ കസേരയ്ക്കു മുമ്പിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമാണ് യോഗി പറഞ്ഞത്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more