| Saturday, 27th June 2026, 4:17 pm

'ഒരു കാരണവശാലും കൊടുക്കില്ല', മുഖ്യമന്ത്രി പറഞ്ഞത് എന്നോട്; ന്യായീകരണവുമായി കുഞ്ഞാലിക്കുട്ടി

ആദർശ് എം.കെ.

മലപ്പുറം: മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് പ്രാദേശിക അവധി ആവശ്യപ്പെട്ട കുട്ടനാട് എം.എല്‍.എയുടെ ചോദ്യത്തിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ തുടര്‍ച്ചയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ ബാക്കി പത്രമാണ് വിവാദമായ വാക്കുകള്‍. ഇടയില്‍ ചോദ്യം വന്നപ്പോള്‍ അതിന് മറുപടി നല്‍കി തിരികെ വന്ന് തന്നോടുള്ള സംസാരം തുടരുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്റെ ചോദ്യത്തിനല്ല മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എം.എല്‍.എയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തില്‍ ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ല’ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സഭയില്‍ കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിക്ക് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.

ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യു.ഡി.എഫ് എം.എല്‍.എ കൂടിയായ റെജി ചെറിയാന്റെ സബ്മിഷന്‍. അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി വി.ഡി സതീശന്റെ മറുപടി.

എന്നാല്‍ ഇതിന് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ തൊട്ടടുത്തുള്ള മന്ത്രിയോട് ‘ഒരു കാരണവശാലും  കൊടുക്കില്ല’ എന്ന് മുഖ്യമന്ത്രി പതിയെ പറഞ്ഞത് ഓഫ് ചെയ്യാത്ത മൈക്കിലൂടെ പുറത്തുവന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

Content Highlight: Kunhalikutty defends CM’s controversial statement

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more