മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും. മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ ഇരുവരും പുതിയ ചിത്രങ്ങളുമായി ഏപ്രില്‍ മാസത്തില്‍ റിലീസിനെത്തുന്നുണ്ടെന്നത് സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷയേകുന്നുണ്ട്.
ഏപ്രില്‍ 10 ന് പള്ളിച്ചട്ടമ്പിയുമായി ടൊവിനോ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഏപ്രില്‍ 15 ന് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രവുമായി കുഞ്ചാക്കോയും രംഗത്തുണ്ട്. വിഷു റിലീസായി എത്തുന്ന ഇരുചിത്രങ്ങളെയും വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
പള്ളിച്ചട്ടമ്പി. Photo: Reddit
കുഞ്ചാക്കോയ്‌ക്കൊപ്പം ദിലീഷ് പോത്തനും സജിന്‍ ഗോപുവും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഇവന്റില്‍ സംസാരിക്കുന്നതിനിടെ ടൊവിനോയെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയെക്കുറിച്ചും കുഞ്ചാക്കോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഇന്ന് ഞാന്‍ ടൊവിയുമായിട്ട് ഫോണില്‍ സംസാരിക്കുകയുണ്ടായി. വിളിച്ചപ്പോള്‍ സൗദി അറേബ്യയിലാണ് ഉള്ളതെന്ന് പറഞ്ഞു. നിനക്കിത്രയും ധൈര്യമുണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്. അവന്‍ പറഞ്ഞു, ഉണ്ട് ചേട്ടാ ഞാന്‍ ധീരനല്ലേ ധീരന്‍. ഇത് കഴിഞ്ഞിട്ട് ഖത്തറിലേക്കാണ് ഞാന്‍ പോകുന്നത്. അവന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്,’ കുഞ്ചാക്കോ പറഞ്ഞു.
ഒരു ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ് അല്പം ദിവസം കഴിഞ്ഞാല്‍ പള്ളിച്ചട്ടമ്പി പോലുള്ള വലിയ സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ടെന്നും ഇതെല്ലാം കഴിഞ്ഞ് വലിയ പെരുന്നാള്‍ എന്ന് പറയുന്ന പോലെ പേട്രിയറ്റ് റിലീസിനെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് മുമ്പുള്ള ഒരു ചെറിയ പെരുന്നാള്‍ മാത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിലെന്നും ഈ പ്രതികൂല സാഹചര്യത്തിലും നല്ല സിനിമയാണെങ്കില്‍ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു.
ഒരു ദുരൂഹ സാഹചര്യത്തില്‍ . Photo: Reddit
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. ചിത്രം ഈവര്‍ഷമാദ്യം തിയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ റിലീസ് തിയ്യതി നീട്ടിവെക്കുകയായിരുന്നു.
Content Highlight: Kunchako Talks about Tovino Thomas and their new movies