രണ്ടായിരങ്ങളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചോക്ലേറ്റ് ബോയ് എന്ന പേരിന് ഉടമയായ നായകനടനാണ് കുഞ്ചാക്കോ ബോബന്‍. 1981ല്‍ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായുള്ള താരത്തിന്റെ ആദ്യ ചിത്രം ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവാണ്. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിന് കേരളത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുകയും ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു.
കുഞ്ചാക്കോ ബോബന്‍. Photo: The Indian Express
പിന്നീട് നക്ഷത്രതാരാട്ട്, നിറം, പ്രേം പൂജാരി തുടങ്ങിയ ചിത്രങ്ങളിലും ഈ കൂട്ടുകെട്ട് ആവര്‍ത്തിച്ചതോടെ റൊമാന്റിക് ഹീറോയായി മലയാള സിനിമയില്‍ കുഞ്ചാക്കോ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ രണ്ടായിരങ്ങളുടെ പകുതിയോടെ തുടര്‍ച്ചയായി പരാജയം നേരിട്ട കുഞ്ചാക്കോ സിനിമയില്‍ നിന്നും അവധിയെടുത്തിരുന്നു. പിന്നീട് തിരിച്ചെത്തിയ താരം റൊമാന്റിക് ഹീറോ ഴോണറില്‍ നിന്നും മാറി ഒട്ടനവധി സീരിയസ് കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
സമീപകാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്നതായിരുന്നു. ന്നാ താന്‍ കേസ് കൊട്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ നിരൂപക പ്രശംസയായിരുന്നു താരത്തിന് നേടി നല്‍കിയത്. ഇപ്പോഴിതാ താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഉന്മാദവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ അവതാരക ചോദിച്ച ഒരു ചോദ്യവും അതിന് താരം നല്‍കിയ ഒരു തഗ് മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
പഴയ സിനിമകളിലേത് പോലെ സീരിയസ് റോള്‍ വിട്ട് ഫുള്‍ ലെങ്ത് റോം-കോം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. അത് കുറേ ചെയ്തിട്ടാണ് ഫീല്‍ഡ് ഔട്ടാവുന്നതിന്റെ വക്കിലെത്തിയതെന്നും വീണ്ടും രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ സമ്മതിക്കില്ല അല്ലേ എന്നുമായിരുന്നു താരത്തിന്റെ മറുപടി.
Photo: Youtube.com
പൊലീസ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഷാഹി കബീറിനൊപ്പം കുഞ്ചാക്കോ ബോബന്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഉന്മാദം. ഷെല്ലി എന്ന പൊലീസ് കഥാപാത്രമായി താരം വേഷമിട്ട ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ ലിജോമോള്‍ ജോസ്, സുധീഷ്, സാബുമോന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. കിരണ്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlight: Kunchako Boban talks about the time when he almost got out from cinema