തൊണ്ണൂറുകളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ പദവി സ്വന്തമാക്കിയ അഭിനേതാവാണ് കുഞ്ചാക്കോ ബോബന്‍. ഫാസിലിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവായിരുന്നു അരങ്ങേറ്റത്തില്‍ തന്നെ താരത്തിന് ഇത്തരത്തിലൊരു ഇമേജ് നല്‍കിയത്. പിന്നാലെയെത്തിയ നിറം, പ്രിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം ഈ കാറ്റഗറിയില്‍ ഒരു മത്സരാര്‍ത്ഥി ഇല്ലാത്ത വിധം താരത്തിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.
അനിയത്തിപ്രാവ്. Photo: Deshabhimani
ഇക്കൂട്ടത്തില്‍ ആരാധകര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ശാലിനിയും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളായ അനിയത്തിപ്രാവ്. ഹരിശ്രീ അശോകന്‍, സുധീഷ്, കൊച്ചിന്‍ ഹനീഫ, തിലകന്‍, കെ.പി.എ.സി.ലളിത തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ അനിയത്തിപ്രാവ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറഞ്ഞുനിന്നിരുന്നു. ചിത്ത്രിലെ ഒരു സീനില്‍ ഹരിശ്രീ അശോകന്‍ ഡയലോഗ് പറയുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചിരിക്കുന്ന മിസ്‌റ്റേക്കാണ് സോഷ്യല്‍ മീഡിയ കുത്തിപൊക്കി വൈറലാക്കിയത്.
ഇതിനെക്കുറിച്ച് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. താരം അഭിനയിച്ച് ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പ്രതികരണം.
അന്നത്തെ കാലത്ത് ഈ കാര്യം അത്രക്ക് എവിഡന്റ് ആയിരുന്നില്ല. സീരിയസ് സീനായതുകൊണ്ട് മറ്റുള്ളവരുടെ ഇമോഷനിലെല്ലാം എല്ലാവരും ശ്രദ്ധിക്കുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പടം ഹിറ്റായതോടെയാണ് ആളുകള്‍ ഇത് കണ്ട്പിടിച്ചതും അതുവെച്ച് തന്നെ കളിയാക്കാന്‍ തുടങ്ങിയതെന്നും കുഞ്ചാക്കോ പറയുന്നു. സോഷ്യല്‍ മീഡിയയുടെ ഒരു ദുഷ്ടത്തരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് ഇത്തരത്തില്‍ പഴയകാല മലയാള സിനിമകളിലെ പല മിസ്റ്റേക്കുകളും ചൂണ്ടിക്കാട്ടി ട്രോളാന്മാര്‍ വൈറലാക്കിയിരുന്നു. കല്ല്യാണരാമനില്‍ സലിം കുമാര്‍ ഡയലോഗ് പറയുന്നത് കേട്ട് ദിലീപ് ചിരിക്കുന്നതും ട്വന്റി20യില്‍ മോഹന്‍ലാലിന് പകരം യാതൊരു സാമ്യവുമില്ലാത്ത ഡ്യൂപ്പ് താഴേക്ക് ചാടുന്നതുമെല്ലാം ഇവയില്‍ ചിലതാണ്.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ചിരിയടക്കുന്നു. Photo: Screen Grab/ Music Shack Home Entertainments/ Youtube.com
കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറ് കോടി ചിത്രമായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പം കൈകോര്‍ത്ത പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ദുരൂഹ സാഹചര്യത്തില്‍. കുഞ്ചാക്കോക്കൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം തുടങ്ങിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Kunchako Boban talks about how social media trolled his mistake in Aniyathipravu movie