രണ്ടായിരങ്ങളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചോക്ലേറ്റ് ബോയ് എന്ന പേരിന് ഉടമയായ നായകനടനാണ് കുഞ്ചാക്കോ ബോബന്‍. 1981ല്‍ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായുള്ള താരത്തിന്റെ ആദ്യ ചിത്രം ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവാണ്. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിന് കേരളത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുകയും ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു.
സമീപകാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്നതായിരുന്നു. ന്നാ താന്‍ കേസ് കൊട്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ നിരൂപക പ്രശംസയായിരുന്നു താരത്തിന് നേടി കൊടുത്തത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ ഹെയില്‍ മേരിയ്ക്ക് മികച്ച പ്രതികരണവും സ്വീകാര്യതയുമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
ഹെയില്‍ മേരി. Photo: JXB Records
ആദ്യദിനം ചെറിയ കളക്ഷനില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ട് കോടിയ്ക്കടുത്ത് നേടിയാണ് ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ബാച്ചലര്‍ പാര്‍ട്ടി ഡ്യൂവിലൂടെ നേരിട്ട പരാജയത്തിന് പകരം ഹെയില്‍ മേരിയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മകന്‍ ഇസഹാക്കിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആരാണ് മകന്റെ ഫേവറിറ്റ് ആക്ടര്‍ എന്ന അവതാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഞാന്‍ തന്നെ എന്തുത്തരം പറയാനാണ്. ഒരോ സിനിമ കാണുമ്പോഴും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് അവന്റെ ഫേവറെറ്റ് ആക്ടര്‍ മാറും. മിന്നല്‍മുരളി കണ്ടപ്പോള്‍ ടോവിനൊയേ ഇഷ്ടമായിരുന്നു. ആവേശം കണ്ടപ്പോള്‍ ഫഹദിനോടായി. കുറച്ചു നാള്‍ മുമ്പ് എന്റെ പഴയ സിനിമകള്‍ കണ്ട് കമന്റ് പറഞ്ഞു- ‘അപ്പ അത്യാവശ്യം ഡാന്‍സ് ചെയ്യുന്ന ആളാണല്ലേ’ എന്നാണ് ചോദിച്ചത്.
കുഞ്ചാക്കോ ബോബന്‍. Photo: X.com
ഇപ്പോള്‍ കോമഡി പടങ്ങളാണ് ഇഷ്ടം. ശ്രീനിയേട്ടന്റെ പഴയ സിനിമകള്‍ കണ്ട് ചിരിക്കുന്നത് കാണാം. അക്കരെ നിന്നൊരു മാരന്‍ എന്ന സിനിമയില്‍ അറബിയുടെ വേഷം കെട്ടി ശ്രീനിയേട്ടന്‍ നാട്ടിലേക്ക് വരുന്നുണ്ട്. ആ സീനില്‍ മുകേഷേട്ടന്‍ പറയുന്ന വാക്കുണ്ട് – കിമോത്തി അല്‍ബാനി. ഇപ്പോള്‍ ഹോംവര്‍ക്ക് ചെയ്യാന്‍ വിളിച്ചാല്‍ പറയും, അമ്മാ… കിമോത്തി അല്‍ബാനിയെന്ന്,’ കുഞ്ചാക്കോ പറഞ്ഞു.
Content Highlight: Kunchako Boban talks about his son and family