| Sunday, 19th April 2026, 5:56 pm

ലാലേട്ടന്റെയും മമ്മൂക്കയുടെയും മുന്നില്‍ ശബ്ദം പോയില്ലെങ്കിലേ അത്ഭുതമുള്ളൂ, സുരേഷേട്ടന്‍ ട്രീറ്റ് ചെയ്തത് അനിയനെ പോലെ: കുഞ്ചാക്കോ ബോബന്‍

അശ്വിന്‍ രാജേന്ദ്രന്‍

തൊണ്ണൂറുകളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ഒരു തലമുറയെ ആകെ ഹരം കൊള്ളിച്ച അഭിനേതാവാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ്, നിറം, പ്രിയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്ന പട്ടം നേടിയെടുത്ത കുഞ്ചാക്കോ ബോബന്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവാണ്. റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്നും മാറി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടിയും കുഞ്ചാക്കോ സ്വന്തമാക്കിയിരുന്നു.

ഇത്തരത്തില്‍ ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഗെറ്റപ്പില്‍ താരമെത്തുന്ന പുതിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഒരു ദുരൂഹ സാഹചര്യത്തില്‍. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കകാലത്ത് സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഹരികൃഷ്ണന്‍സ്‌. Photo: IMDB

‘ഇരുപത്തിരണ്ട് വയസുള്ള സമയത്താണ് ഹരികൃഷ്ണന്‍സില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ലാലേട്ടന്റെയും മമ്മൂക്കയുടെയും ഒപ്പം അഭിനയിക്കാനുള്ള എക്‌സൈറ്റ്‌മെന്റില്‍ ഓണിയിരുന്ന പയ്യനായിരുന്നു അന്ന്. ഇവരുടെ മുമ്പില്‍ സമയമിതപൂര്‍വ്വ സായാഹ്നം പാടി അഭിനയിക്കുമ്പോല്‍ ശബ്ദം പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അത് വളരെ രസകരമായ എക്പീരിയന്‍സായിരുന്നു. ഇപ്പോഴും അതിന്റെ മീമും കാര്യങ്ങളുമെല്ലാം വരാറുണ്ട്. വേറെ ഒരു രീതിയിലാണ് അതെല്ലാം അവതരിപ്പിക്കാറുള്ളത്.

സാധാരണ ചെയ്തതില്‍ നിന്നും കുറച്ച് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് സ്വപ്‌നം കൊണ്ടൊരു തുലാഭാരത്തില്‍ ചെയ്തത്. ചിത്രത്തില്‍ എനിക്ക് ബേസിക്കലി നല്ല ഓര്‍മകള്‍ എന്ന് പറയുന്നത് സുരേഷേട്ടനോടൊപ്പമുള്ള സമയങ്ങളാണ്. ഒരു കുഞ്ഞനിയനെ പോലെ തന്നെയായിരുന്നു അന്ന് സുരേഷേട്ടന്‍ എന്നെ കൊണ്ട് നടന്നിരുന്നത്. കാരണം തൊടുപുഴയിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. പുള്ളിക്ക് മലബാര്‍ ഏരിയയില്‍ എവിടെയോ ഒരു ഉദ്ഘാടനത്തിന് പോകാനുണ്ടായിരുന്നു.

പോകുമ്പോള്‍ അദ്ദേഹത്തിന്റെ കാറില്‍ എന്നെയും കൊണ്ട് പോയി. റൂമില്‍ ഒന്നിച്ച് താമസിച്ചു. പുള്ളി ഉദ്ഘാടനത്തിന് പോയപ്പോള്‍ ഞാനവിടെ കിടന്നുറങ്ങും. അങ്ങനെ അദ്ദേഹത്തിന്റെ കുടുംബത്തിലൊരാളായിട്ടായിരുന്നു എന്നെ കൊണ്ട് നടന്നത്, കുഞ്ചാക്കോ പറഞ്ഞു.

Photo: Speed Cineplex

കുഞ്ചാക്കോയുടെ കരിയറിലെ നൂറ് കോടി ചിത്രമായ ന്നാ താന്‍ കേസ് കൊടിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളിനൊപ്പം താരം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. സജിന്‍ ഗോപു, ദിലീഷ് പോത്തന്‍, ചിദംബരം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Kunchako Boban Talks about his experience of Acting With Mammootty and Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more