| Wednesday, 15th April 2026, 7:26 am

കൊല്ലത്ത് നിന്ന് എല്ലാ ദിവസവും കാണാന്‍ വരുന്ന പെണ്‍കുട്ടി, എന്നെ കണ്ടപ്പോള്‍ ആരാണെന്ന് ചോദിച്ചു; കുഞ്ചാക്കോ ബോബന്‍

അശ്വിന്‍ രാജേന്ദ്രന്‍

ചോക്ലേറ്റ് റൊമാന്റിക് ഹീറോയായി ഒരു സമയത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച അഭിനേതാവാണ് കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ അനിയത്തിപ്രവ്, നിറം, പ്രിയം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി കുഞ്ചാക്കോ മാറിയിരുന്നു. മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളായി ചിത്രങ്ങള്‍ മാറിയതോടെ വലിയ ആരാധകപിന്തുണയും താരത്തെ തേടിയെത്തിയിരുന്നു.

അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും. Photo: Reddit

ഇതില്‍ ഭൂരിഭാഗവും ആരാധികമാരാണെന്നതാണ് കൗതുകകരം. താരത്തിന്റെ റൊമാന്റിക് ചിത്രങ്ങള്‍ കണ്ട് ആയിരകണക്കിന് കത്തുകളാണ് ഇവരില്‍ നിന്നും ലഭിച്ചിരുന്നത്. പ്രണയാഭ്യര്‍ത്ഥനയും വിവാഹാഭ്യര്‍ത്ഥനകളുമായിരുന്നു ഇവയില്‍ ഭൂരിഭാഗത്തിന്റെയും ഉള്ളടക്കം എന്ന് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നുമെല്ലാം വ്യത്യസ്തയായി എല്ലാ ദിവസവും തന്നെ കാണാന്‍ വീട്ടില്‍ വന്ന ആരാധികയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊല്ലത്ത് നിന്നും ഒരു പെണ്‍കുട്ടി എപ്പോഴും എന്നെ കാണാന്‍ വീട്ടിലേക്ക് വന്നിരുന്നു. ഞാനില്ലാത്ത സമയത്തായിരിക്കും അധികവും വരിക. രാവിലെ വന്ന് വൈകുന്നേരം വരെ കാത്ത് നിന്ന ശേഷം തിരിച്ചുപോവും. അമ്മ കാണാറുണ്ട്, ഞാനില്ല ഷൂട്ടിന് പോയതാണെന്ന് പറഞ്ഞാലും അവിടെ വെയിറ്റ് ചെയ്യും. ഒരു ദിവസം ഞാനവിടെ ഉണ്ടായിരുന്നപ്പോള്‍ അമ്മ പറഞ്ഞു നിന്നെ കാണാന്‍ ഒരു കൊച്ച് വന്നിട്ടുണ്ട് എപ്പോഴും വരുന്നതാണ്, എന്തോ ഇന്റര്‍വ്യൂവിന് എന്തോ വേണ്ടിയാണ് എന്ന്.

ഓക്കെ ഞാന്‍ കണ്ടോളാം എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവര്‍ ആദ്യം എന്നെ കണ്ടപ്പോള്‍ തന്നെ ചോദിച്ചത് ആരാണ് എന്നാണ്. അന്നാണെങ്കില്‍ ഗെറ്റപ്പ് ചേഞ്ച് ഒന്നുമില്ലാലോ, എവര്‍ഗ്രീന്‍ ലുക്കെന്ന് പറഞ്ഞ് ഒറ്റ ലുക്കല്ലേ ഉള്ളൂ. നല്ല കിളി പോയ ആരോ ആയിരുന്നു എന്ന് തോന്നുന്നു. എന്തോ ഒരു ദുരൂഹത എവിടെയോ ഫീല്‍ ചെയ്തു,’കുഞ്ചാക്കോ തമാശയോടെ പറഞ്ഞു.

ഒരു ദുരൂഹ സാഹചര്യത്തില്‍. Photo: X.com

ഏറെകാലം മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ തുടര്‍ന്ന കുഞ്ചാക്കോ പിന്നീട് തന്റെ ട്രാക്ക് മാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ നായാട്ട്, ന്നാ താന്‍ കേസ് കൊട്, ടേക്ക് ഓഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറുകോടി ചിത്രമായ ന്നാ താന്‍ കേസ് കൊടിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളിനൊപ്പമുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക് പുറമെ ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, സജിന്‍ ഗോപു, ചിദംബരം എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Kunchako Boban Talks about Fan girl who came to Visit him daily

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more