കാൽനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസിൽ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോയിൽ നിന്ന് വില്ലൻ, സഹനടൻ തുടങ്ങി അഭിനയത്തിന്റെ വേറിട്ട തലങ്ങളിലേക്ക് വളർന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും മറ്റുള്ളവരിൽ നിന്ന് പഠിക്കാനുള്ള മനസിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
കിരൺ ദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഉന്മാദം ഈ മാസം തിയേറ്ററുകളിൽ എത്താനിരിക്കെ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
കുഞ്ചാക്കോ ബോബൻ.photo.The Indian Express
‘സിനിമയിലുള്ളവർ മുതിർന്നവരാണെങ്കിലും ഇന്നലെ വന്ന ഒരു പുതുമുഖമാണെങ്കിലും അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനുള്ള ശ്രമങ്ങൾ ഞാൻ നടത്താറുണ്ട്. സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണെങ്കിലും തെരഞ്ഞെടുക്കുന്ന കഥകളാണെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയിലാണെങ്കിലും ഞാൻ അത് ശ്രദ്ധിക്കാറുണ്ട്. ഒരു നായക കഥാപാത്രം മുതൽ ഒരു പുതുമുഖ നായകന്റെ കൂടെ സഹനടനായിട്ടും വില്ലനായും കാമിയോ റോൾ ആയിട്ടുമൊക്കെ പല വേഷങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്നൊക്കെ പുതിയ കാര്യങ്ങൾ പഠിക്കാനും അതിനോടൊപ്പം അത് ആസ്വദിക്കാനും ഞാൻ ശ്രമിക്കാറുണ്ട്.
അല്ലാതെ ഒരാൾ എന്നെക്കാൾ നന്നായി അഭിനയിക്കുമ്പോൾ അയാളെ ചവിട്ടിത്താഴ്ത്താൻ നോക്കുന്നതിനപ്പുറം, അവനിൽ നിന്ന് എനിക്ക് എന്തൊക്കെ പഠിക്കാം അല്ലെങ്കിൽ എന്നെ കുറച്ചുകൂടി മെച്ചപ്പെടുത്താൻ എങ്ങനെ ശ്രമിക്കാം എന്ന രീതിയിൽ മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ, ചെയ്യുന്നതും അതാണ്.
ഒരു സിനിമ വിജയിക്കുമ്പോൾ അതിനേക്കാൾ മികച്ച സിനിമയായി എന്റെ സിനിമ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാതെ മറ്റൊരു സിനിമയെ താറടിച്ചുകാണിച്ച് എന്റെ സിനിമ വിജയിപ്പിക്കുക എന്നതിലല്ല കാര്യം. സിനിമകൾ നിലനിന്നാൽ മാത്രമേ നമുക്കും ഒരു നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. കാരണം സിനിമകൾ പരാജയപ്പെടുമ്പോൾ തിയേറ്ററുകളിലേക്ക് ആളുകൾ വരുന്നത് കുറയും. അത് പിന്നീട് നമ്മൾ അഭിനയിക്കുന്ന സിനിമകളെയും ബാധിക്കും.
ഇപ്പോൾ വാഴ, മോഹിനിയാട്ടം പോലുള്ള സിനിമകൾ കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് വരുമ്പോൾ എനിക്ക് സന്തോഷമാണ്. കാരണം നല്ല സിനിമകൾ നൽകിയാൽ ആളുകൾ എന്തായാലും തിയേറ്ററുകളിലേക്ക് വരും. ആ ഒരു ശ്രമമാണ് ഞാൻ എല്ലാ രീതിയിലും നടത്തുന്നത്. അപ്പോൾ നമ്മൾ ചെയ്തത് നല്ലൊരു കഥാപാത്രമോ സിനിമയോ ആണെങ്കിൽ പോലും ചിലപ്പോൾ തിയേറ്ററുകളിൽ പരാജയപ്പെട്ടു എന്ന് പറഞ്ഞ് പ്രേക്ഷകരെയോ വിമർശകരെയോ കുറ്റം പറയുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ.photo.Facebook