ഷാഹി കബീറിന്റെ രചനയിൽ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉന്മാദം’. നായാട്ട്, ഓഫിസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീറിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
കുഞ്ചാക്കോ ബോബന്‍.Photo:Imdb
ഇപ്പോൾ ഷാഹി കബീറിന്റെ സിനിമകളെ കുറിച്ചും പുതിയ ചിത്രമായ ഉന്മാദത്തെ കുറിച്ചും സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഷാഹി കബീറിന്റെ സിനിമകളും കഥാപാത്രങ്ങളും ഭൂരിഭാഗവും അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നു രൂപപ്പെട്ടവയാണ്. അവ കുറച്ചുകൂടി സിനിമാറ്റിക് ആയ രീതിയിൽ, സാങ്കേതിക മികവോടെയും എന്റെർറ്റൈന്മെന്റുമായും അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ആ ഒരു ശ്രമം തന്നെയാണ് ‘ഉന്മാദം’ എന്ന സിനിമയിലും നടന്നിട്ടുള്ളത്.
അങ്ങനെ നോക്കുമ്പോൾ, ഇതിലെ ‘ഷെല്ലി’ എന്ന കഥാപാത്രത്തിൽ പലതരം തലങ്ങൾ കാണാൻ സാധിക്കും. ഒരു സാധാരണക്കാരന്റെ പെരുമാറ്റരീതികളെല്ലാം അതിലുണ്ട്. എന്നാൽ ആ കഥാപാത്രം സഞ്ചരിക്കുന്ന വഴികളും അനുഭവിക്കുന്ന സാഹചര്യങ്ങളും ഏറെ രസകരവും, കൗതുകമുണർത്തുന്നതും, ഭയപ്പെടുത്തുന്നതും, അതോടൊപ്പം ത്രില്ലടിപ്പിക്കുന്നതുമാണ്.
ഉന്മാദം.ഷാഹി കബീർ.Photo:Imdb
സത്യത്തിൽ, പോലീസുകാർ സാധാരണയായി അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ കുറച്ചു മാത്രമേ ഈ ചിത്രത്തിൽ കാണിച്ചിട്ടുള്ളൂ. ഷാഹിയുടെ മുൻകാല സിനിമകളെ അപേക്ഷിച്ച് ഡാർക്ക് തീം കുറവുള്ള ഒന്നാണിത്. വലിയ ടെൻഷനില്ലാതെ കണ്ടുതീർക്കാൻ പറ്റിയ ചിത്രമാണ് ഉന്മാദം,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
‘ചിത്രം അത്രത്തോളം ഡാർക്ക് അല്ലെന്ന് ഉന്മാദത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഷാഹിയും പറഞ്ഞിരുന്നു. അത് ഒരുപരിധി വരെ സത്യമാണ്. എന്നാൽ കുറച്ച് സസ്പെൻസും സൂപ്പർനാച്ചുറൽ ഘടകങ്ങളും ഈ സിനിമയിലുണ്ട്. മുമ്പ് കണ്ടിട്ടുള്ള ഷാഹി കബീർ ചിത്രങ്ങളിൽ നിന്നുള്ള ഒരു ഴോണർ ഷിഫ്റ്റ് സിനിമയിൽ പ്രതീക്ഷിക്കാം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Contnet Highlight:Kunchako boban says about shahi kabir