| Wednesday, 25th November 2026, 9:35 pm

മലയാളത്തില്‍ നിന്നും പ്രതീക്ഷയേകുന്ന മറ്റൊരു ചിത്രം; ഗ്യാരണ്ടി നല്‍കി ഹെയ്ല്‍ മേരി ട്രെയ്‌ലര്‍

അശ്വിന്‍ രാജേന്ദ്രന്‍

ഒട്ടനവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിച്ച വര്‍ഷമാണ് 2026. വമ്പന്‍ കളക്ഷന്‍ ലഭിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റും നിരൂപക പ്രശംസ സ്വന്തമാക്കിയ ബാലന്‍ ദി ബോയിയും അടക്കം മികച്ച ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ മലയാളത്തിന് ലഭിച്ചത്. ഈ കൂട്ടത്തിലേക്ക് വരുന്ന മറ്റൊരു ക്വാളിറ്റി ചിത്രം എന്ന പ്രതീക്ഷയോടെയാണ് വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്ത ഹെയ്ല്‍ മേരി.

കുഞ്ചാക്കോ ബോബന്‍. Photo: Screen Grab/ JXB Records/ Youtube.com

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ വലിയ പ്രതീക്ഷയുണര്‍ത്തിയിരുന്നു. ജി. ആര്‍ ഇന്ദുഗോപന്റെ നോവലിനെ പശ്ചാത്തലമാക്കി നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒന്നിച്ച് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രതീക്ഷകള്‍ ശരിവെക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ ഇപ്പോള്‍ നല്‍കുന്നത്.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന മധുചന്ദ്രനും മരിയ എന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ത്രില്ലിങ് എക്‌സ്പീരിയന്‍സ് കൃത്യമായി തന്നെ ട്രെയ്‌ലറിലൂടെ കണ്‍വേ ചെയ്യുന്നുണ്ട്. ഹെയ്ല്‍ മേരിയിലെ ഗ്യാരണ്ടി നല്‍കുന്ന മറ്റൊരു ഫാക്ടര്‍ സുരാജ് വെഞ്ഞാറമൂടിന്റെയും കുഞ്ചാക്കോ ബോബന്റെയും പെര്‍ഫോമന്‍സാണ്. ട്രെയ്‌ലറിലെ സെക്കന്‍ഡുകള്‍ നീണ്ട ഷോട്ടുകള്‍ തന്നെ ഇരുവരുടെയും മത്സരിച്ചുള്ള അഭിനയത്തിന്റെ സൂചന നല്‍കുന്നുണ്ട്.

സുരാജ്. Photo: Screen Grab/ JXB Records/ Youtube.com

നാളെ (ബുധന്‍) ആണ് ചിത്രം റിലീസിനെത്തുന്നത്. കുഞ്ചാക്കോയ്ക്കും സുരാജിനും പുറമെ അനു സിതാര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്‌നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ ജേക്‌സ് ബിജോയ് സംഗീതവും റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നുണ്ട്.

Content Highlight: Kunchako Boban and Suraj Venjaramood starrer Hail Mary trailer out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more