| Monday, 27th April 2026, 7:18 am

ഇസു പറഞ്ഞത് അമ്പാനാകണമെന്ന്, അമ്മ കേട്ടത് വേറെ; അനുഭവം പങ്കുവെച്ച് കുഞ്ചാക്കോയും സജിനും

അശ്വിന്‍ രാജേന്ദ്രന്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ അഭിനേതാവാണ് സജിന്‍ ഗോപു. 2015 ല്‍ പുറത്തിറങ്ങിയ മുംബൈ ടാക്‌സിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സജിന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത് ലിജോ ജോസ് സംവിധാനം ചെയ്ത ചുരുളിയിലൂടെയാണ്. പിന്നീട് രോമാഞ്ചം, ജാന്‍.എ.മന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്തിയ സജിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രങ്ങളായിരുന്നു ആവേശവും പൊന്മാനും.

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഹഫദ് ഫാസില്‍ നായകനായെത്തിയ ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആവേശത്തില്‍ രംഗണ്ണന്റെ വലംകൈയായ അമ്പാന്‍ എന്ന ഗുണ്ടയായിട്ടായിരുന്നു സജിന്‍ ഗോപു വേഷമിട്ടത്. സൗത്ത് ഇന്ത്യയിലലൊട്ടാകെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തിന് വലിയ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. അമ്പാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് സജിന്‍ ഗോപുവും കഥാപാത്രവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തില്‍ നടന്ന അനുഭവത്തെ കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബനും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

കുഞ്ചാക്കോ ബോബന്‍. Photo: Ott Play

ചിത്രം ചെയ്തതിന് ശേഷം താന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും രസകരമായ കാര്യമെന്തെന്നാല്‍ ചിത്രം ഹിറ്റായതിന് ശേഷം ഒരുപാട് കുട്ടികള്‍ തന്റെ വീടിന് അടുത്ത് വന്ന് അമ്പാന്റെ വീടാണെന്ന് പറഞ്ഞ് കാണാന്‍ കാത്ത് നില്‍ക്കാറുണ്ടെന്നും സജിന്‍ പറയുന്നു. പലരും ഫോണ്‍ വിളിക്കാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ താടി വളര്‍ത്തിയതിന് ശേഷം പലരും ഇത് അമ്പാനല്ലെന്നാണ് പറയുന്നതെന്നും താരം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെടുത്തി കുഞ്ചാക്കോ ബോബന്‍ തന്റെ മകനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏവരിലും ചിരിയുണര്‍ത്തുന്നത്.

‘ആവേശവും അമ്പാനും ഓണായിട്ട് ഇരുന്ന സമയത്ത് പ്രിയയുടെ (പങ്കാളി) അമ്മ വീട്ടിലുണ്ടായിരുന്നു. എന്റെ മകന് ആവേശത്തിലെ രംഗണ്ണനെ എല്ലാം വലിയ ഇഷ്ടമാണ്. ഉദാഹരണത്തിന് എനിക്ക് കോംപ്ലെക്‌സ് വരാന്‍ വേണ്ടി കട്ടൗട്ടെല്ലാം കൊണ്ട് വന്ന് വെക്കുമായിരുന്നു. അന്ത അളവുക്ക് വരെ കാര്യങ്ങള്‍ പോയിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പ്രിയയുടെ അമ്മ ഇസുക്കുട്ടന് എന്താവാനാണ് ആഗ്രഹം എന്ന് ചോദിച്ചു. അവന്‍ മറുപടി പറഞ്ഞത് അമ്പാനാവാനാണ് ആഗ്രഹമെന്നാണ്.

ആവേശം. Photo: The Hindu

ഇത് കേട്ടിട്ട് അമ്മ പ്രിയയെ വിളിച്ചിട്ട് പറഞ്ഞു, മോളെ നീ ഇവനെ നല്ല രീതിയിലാണ് വളര്‍ത്തുന്നതെന്ന്. ഇത് കേട്ട് പ്രിയ താങ്ക്‌സ് ഒക്കെ പറഞ്ഞ് എന്താ അമ്മേ കാര്യം എന്ന് ചോദിച്ചപ്പോള്‍ അവന് വലുതാകുമ്പോള്‍ അമ്പാനിയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban and Sajin Gopu talks about amban character in Aavesham Movie Played by Sajin

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more