നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെയ്ൽ മേരി. കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, വിനയ് ഫോർട്ട്, ആണ് സിത്താര, ജഗദീഷ്, സുഹാസിനി മണിരത്നം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജി. ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന മധുചന്ദ്രനും മരിയ എന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.
ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടയിൽ നടന്ന ഒരു രസകരമായ സംഭവത്തെ പറ്റിയും സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ക്ലബ് എഫ്. എമ്മുമായുള്ള അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘ഡാൻസിനെ കുറിച്ചുള്ള കോമഡി എന്താന്ന് വെച്ചാൽ അത് വീഡിയോ എടുത്തത് വിനയ് ആണ്. വിനയ് അത് ഷെയർ ചെയ്തു. അത് കണ്ടിട്ട് വിനയിന്റെ അമ്മ വിനയ്ക്ക് മെസ്സേജ് അയച്ചു, ‘ഉണ്ണി നീ നന്നായിട്ട് ഡാൻസ് ചെയ്യുന്നുണ്ടല്ലോ. ഞാൻ വിചാരിച്ചു അത് കുഞ്ചാക്കോ ബോബനാണെന്ന്’ എന്നായിരുന്നു മെസേജ്. അത് തീർച്ചയായിട്ടും ഒരു ഫൺ മൊമന്റായിരുന്നു. ഞങ്ങൾ വയനാട് കുറച്ച് അധികം ദിവസങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.
കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുള്ള ഒരുപാട് പേരുടെ കൂടെ വർക്ക് ചെയ്യാൻ ഈ സിനിമയിലൂടെ സാധിച്ചു. ഓൺ ആൻഡ് ഓഫ് സ്ക്രീൻ, ടെക്നിക്കൽ സൈഡ് ആണെങ്കിലും അല്ലെങ്കിൽ ആക്ടേഴ്സിന്റെ കാര്യത്തിൽ ആണെങ്കിലും നമുക്ക് അങ്ങനെ ഇഷ്ടമുള്ള കുറച്ചധികം ആൾക്കാരുടെ കൂടെ വർക്ക് ചെയ്യാനായിട്ട് സാധിക്കുന്നു. അപ്പോൾ അതിന്റെ എല്ലാ സന്തോഷവും തീർച്ചയായിട്ടുമുണ്ട്. അതിന്റെ ഒരു വേർഷനാണ് ആ ഡാൻസ് സീക്വൻസിൽ നിങ്ങൾക്ക് കാണാൻ കഴിഞ്ഞത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഹെയ്ൽ മേരി.Photo.Screen Grab/IMDb
സിനിമ നല്ലോണം ഓടുകയാണെങ്കിൽ ഏറ്റവും നന്നായിട്ട് ഡാൻസ് ചെയ്യുന്ന ആൾക്ക് സമ്മാനം കൊടുക്കണമെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു. മുമ്പങ്ങനെ കൊടുത്തിട്ടുണ്ടെന്നും ഷെയറിങ് ഇല്ലെങ്കിൽ ആ ഒരു സന്തോഷം നമുക്ക് ഒരിക്കലും ആസ്വദിക്കാൻ പറ്റില്ലെന്നാണ് നടൻ പറയുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ദി ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ ചേർന്ന് നിർമിച്ച ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തുന്നത്. ഇമോഷണൽ ക്രൈം-മിസ്റ്ററി ത്രില്ലർ പ്രമേയമായ ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം ചെയ്യുമ്പോൾ റോബി വർഗീസ് രാജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Content Highlight: Kunchakko Boban talks about the viral dance during Heyl Mery.