2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി യുവതാരം വൈഭവ് സൂര്യവംശി വെടിക്കെട്ട് പ്രകടനമാണ് നടന്നുക്കൊണ്ടിരിക്കുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ഏത് ബൗളേറെയും ഒരു ഭയവുമിയല്ലാതെ തല്ലിത്തകര്‍ത്തുകൊണ്ട് റണ്‍സ് നേടാനുള്ള കഴിവാണ് വൈഭവിനെ വ്യത്യസ്തനാക്കുന്നത്.
ഐ.പി.എല്ലിലെ സൂര്യവംശിയുടെ മിന്നും പ്രകടനങ്ങളെക്കുറിച്ച് മലയാളികളുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ജസ്പ്രീത് ബുംറക്കെതിരെ സിക്‌സര്‍ നേടുകയാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞിട്ട് വൈഭവ് അത് ഗ്രൗണ്ടില്‍ നടപ്പിലാക്കിയത് ഭയങ്കരമായെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരം മുകുള്‍ ചൗധരിയുടെ പേരും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിലെ പ്രിയപ്പെട്ട ടീമുകളെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോച്ചന്‍.
‘വൈഭവ് സൂര്യവംശി ഒരു രക്ഷയുമില്ല. ബുംറയെ ഒക്കെ ഫസ്റ്റ് ബോളില്‍ സിക്‌സ് അടിക്കാനാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞിട്ട് അത് ചെയ്യുകയെന്നത് ഭയങ്കര മാനിഫെസ്റ്റേഷനാണ്. മുകുള്‍ ചൗധരിയും അങ്ങനെ തന്നെയാണ്. ഐ.പി.എല്ലില്‍ ഞാന്‍ എപ്പോഴും കൂടെ നില്‍ക്കുന്ന ടീം സി.എസ്.കെയാണ്. സി.എസ്.കെയോട് എനിക്ക് ഒരു സോഫ്റ്റ് കോര്‍ണറുണ്ട്. നേരത്തെ സഞ്ജു ഉണ്ടായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സിനോടും ഭയങ്കരമായ ഒരു അഡിക്ഷനുണ്ട്. കോഹ്ലി ഉള്ളതുകൊണ്ട് ബെംഗളൂരുവുമുണ്ട്. പിന്നെ കുറേ നാളുകളായി പഞ്ചാബ് കിങ്‌സ് ഐ.പി.എല്ലില്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരും ഫേവറൈറ്റ് ലിസ്റ്റില്‍ ഉള്ളതാണ്,’കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും 246 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. രണ്ട് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വൈകാതെ വൈഭവ് ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈഭവ് സൂര്യവംശി. Photo: iplt20.com
അതേസമയം മുകുള്‍ ചൗധരിയുടെ പോരാട്ടവീര്യം ഈ സീസണില്‍ ശ്രദ്ധിക്കപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒറ്റയാള്‍ പ്രകടനത്തിലൂടെ എല്‍.എസ്.ജിക്ക് ആവേശ വിജയം സമ്മാനിച്ചിരുന്നു. മത്സരത്തില്‍ മുകുള്‍ 27 പന്ത് നേരിട്ട് പുറത്താകാതെ 54 റണ്‍സാണ് നേടിയത്. ഏഴ് കൂറ്റന്‍ സിക്‌സുകളും രണ്ട് ഫോറും അടക്കം 200.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
Content Highlight: Kunchacko Boban Talks about Vaibhav Suryavanshi Performance in IPL 2026