| Sunday, 19th April 2026, 3:45 pm

സഞ്ജു കാരണം ഇപ്പോഴും രാജസ്ഥനോട് ഭയങ്കരമായ അഡിക്ഷനാണ്: കുഞ്ചാക്കോ ബോബൻ

Sudev A

ഐ.പി.എല്ലിലെ തന്റെ പ്രിയപ്പെട്ട ടീമുകള്‍ ഏതൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍. ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്സ് എന്നീ ടീമുകളെയാണ് ചാക്കോച്ചന്‍ ഫേവറൈറ്റ് ടീമുകളായി തെരഞ്ഞെടുത്തത്. സഞ്ജു സാംസണ്‍ നേരത്തെ ഉണ്ടായിരുന്നതുകൊണ്ട് രാജസ്ഥാനോട് ഒരു അഡിക്ഷനുണ്ടെന്നും പഞ്ചാബ് കുറച്ചുനാളുകളായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോച്ചന്‍.

‘ഐ.പി.എല്ലില്‍ ഞാന്‍ എപ്പോഴും കൂടെ നില്‍ക്കുന്ന ടീം സി.എസ്.കെയാണ്. സി.എസ്.കെയോട് എനിക്ക് ഒരു സോഫ്റ്റ് കോര്‍ണറുണ്ട്. നേരത്തെ സഞ്ജു ഉണ്ടായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സിനോടും ഭയങ്കരമായ ഒരു അഡിക്ഷനുണ്ട്. കോഹ്ലി ഉള്ളതുകൊണ്ട് ബെംഗളൂരുവുമുണ്ട്. പിന്നെ കുറെ നാളുകളായി പഞ്ചാബ് കിങ്സ് ഐപിഎല്ലില്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരും ഫേവറൈറ്റ് ലിസ്റ്റില്‍ ഉള്ളതാണ്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

19 വര്‍ഷക്കാലത്തോളമായി കളിച്ചിട്ടും ഒരു കിരീടം പോലുമില്ലെന്ന ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് പഞ്ചാബ് കിങ്സ്. 2026 ഐ.പി.എല്ലില്‍ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്സ് അജയ്യരായി മുന്നേറികൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍സി മികവ് കൊണ്ടും മിന്നുന്ന ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ടും ഈ സീസണിലും ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യര്‍.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

ഈ സീസണില്‍ നാല് ഇന്നിങ്സുകളില്‍ നിന്നും 203 റണ്‍സാണ് അയ്യരിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് അര്‍ധ സെഞ്ച്വറികളും അയ്യരിന്റെ ബാറ്റില്‍ നിന്നും പിറന്നു. കഴിഞ്ഞ തവണ കണ്മുന്നില്‍ നഷ്ടമായ കിരീടം പഞ്ചാബിനൊപ്പം ഇത്തവണ നേടാനാവുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ക്യാപ്റ്റനായി പഞ്ചാബില്‍ മാത്രം ഒതുങ്ങുന്നതല്ല അയ്യരിന്റെ പോരാട്ടവീര്യങ്ങള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 2024 ഐപിഎല്‍ കിരീടം നേടിക്കൊടുത്ത അയ്യര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്കും കൈപിടിച്ചുയര്‍ത്തി. കഴിഞ്ഞ സീസണില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കലാശ പോരാട്ടത്തിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും അയ്യര്‍ കൈപ്പിടിയിലാക്കി. ഇത്തവണ പഞ്ചാബിന് കിരീടം നേടികൊടുത്താല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്മാരാക്കുന്ന ആദ്യ ക്യാപ്റ്റനാവാനും അയ്യര്‍ക്ക് സാധിക്കും.

Content Highlight: Kunchacko Boban Talks about sanju samson and Rajasthan royals

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more