| Sunday, 7th August 2022, 9:24 pm

ചാക്കോച്ചന് ഡാന്‍സ് ചെയ്യാനൊക്കെ അറിയാമോ എന്ന് ചോദിച്ച കക്ഷിയാണീ ഇരിക്കുന്നത്...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പുമായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാസര്‍ഗോഡന്‍ ശൈലി പരീക്ഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്.

ഇപ്പോഴിതാ ‘ന്നാ താന്‍ കേസ് കൊട്’ സിനിമാ സെറ്റില്‍ നടന്ന രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ചാക്കോച്ചന് ഡാന്‍സ് ചെയ്യാനൊക്കെ അറിയാമോ എന്ന് ചോദിച്ച കക്ഷിയാണിതെന്ന് പറഞ്ഞായിരുന്നു ചാക്കോച്ചന്‍ സംസാരിച്ച് തുടങ്ങിയത്.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ നായികയുടെ ഈ ചോദ്യത്തിന് ‘കുട്ടീ… എന്റെ കുറേ പഴയ സിനിമയുണ്ട് അതൊക്കെ എടുത്തൊന്ന് കാണൂ’ എന്ന രസകരമായ മറുപടിയാണ് ചാക്കോച്ചന്‍ നല്‍കിയത്.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിലാണ് ഈ രസകരമായ കഥ ചാക്കോച്ചന്‍ പങ്കുവെച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചാക്കോച്ചന്‍ ഈ സിനിമയില്‍ എത്തുന്നത് എന്നതാണ് അതിന് കാരണം. ഈ അടുത്തായി ചാക്കോച്ചന്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും ഈ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ ചാക്കോച്ചന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ പ്രക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ചാക്കോച്ചന്‍ വെളളമടിച്ച് പൂസായി ഉത്സവ പറമ്പില്‍ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന് ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight: Kunchacko Boban talks about his dance skill

Latest Stories

We use cookies to give you the best possible experience. Learn more