| Saturday, 28th November 2026, 9:42 am

ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഓക്കേയായിരുന്നു, പിന്നീടൊന്ന് പതറി: കുഞ്ചാക്കോ ബോബൻ

അനുപമ കെ. സീത

മികച്ച നിരൂപക പ്രശംസകൾ ഏറ്റു വാങ്ങിക്കൊണ്ട് തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്നു ചിത്രമാണ് ഹെയ്ൽ മേരി. നവാഗതനായ വിഷ്ണു രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, അക്ഷര ഷൈനോദ്, സുഹാസിനി, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. രഞ്ജിനി ഹരിദാസിന്റെ ഗ്രീൻ റൂമെന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ന്നാ താൻ കേസ് കൊട്, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ച താരം സംസാരിച്ചത്.

‘ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ആ ക്യാരക്ടർ ആ സമയത്ത് അത്രയും ഡിഫ്രന്റായി വരുമെന്ന് എനിക്കറിയില്ലായിരുന്നു. സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഓക്കേയായിരുന്നു പിന്നെ ഇതിന്റെ പ്രോസസ് തുടങ്ങിയപ്പോഴാണ് ആ കഥാപാത്രം എങ്ങനെ പെരുമാറണം, കാണാൻ എങ്ങനെയുണ്ടായിരിക്കണം, എങ്ങനെ ഡയലോഗുകൾ പറയണമെന്ന കാര്യങ്ങളൊക്കെ വന്നത്. അത് പിന്നീട് വന്ന കാര്യങ്ങളാണ്. ആ സമയത്ത് ഞാനൊന്ന് പതറിയിരുന്നു. ഇതെനിക് സെറ്റാവുമോ എന്നൊക്കെ വിചാരിച്ചിരുന്നു, പക്ഷേ അത് നല്ല രീതിയിൽ നടന്നു.

ന്നാ താൻ കേസ് കൊട്.ഓഫീസർ ഓൺ ഡ്യൂട്ടി.ഹെയ്ൽ മേരി.Photo.Screen Grab/IMDb

സെറ്റിൽ അല്ലെങ്കിൽ ക്യാമറയുടെ മുമ്പിൽ സംഭവിക്കുന്ന മാജിക്കിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ആ മാജിക്കാണ് ആ സിനിമയിലും സംഭവിച്ചത്. ഞാൻ അതിനെപ്പറ്റി രതീഷിനോടും മറ്റ് സംവിധായകരോടൊക്കെ ചോദിക്കാറുണ്ട്. എന്നാൽ അവർക്കും അതിനെക്കുറിച്ച് ഒരു ക്ലൂവും ഇല്ല, അങ്ങനെ അറിയാമായിരുന്നുവെങ്കിൽ നമുക്കൊക്കെ അതനുസരിച്ച് കാര്യങ്ങൾ ചെയ്യാമായിരുന്നു,’ താരം തമാശരൂപേണ പറഞ്ഞു.

ആ സിനിമ ചെയ്യുമ്പോഴൊന്നും അതിന് അവാർഡ് കിട്ടുമെന്നൊന്നും താൻ വിചാരിച്ചില്ലെന്നും നടൻ കൂട്ടിച്ചേർത്തു. പിന്നീട് ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലെയും തന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും അത്തരത്തിലുള്ളൊരു അഭിനന്ദനം കിട്ടിയെന്നും താരം പറഞ്ഞു. അതിലെ കഥാപാത്രം ചെയ്യാൻ അത്ര ഈസി അല്ലായിരുന്നുവെന്നും തന്റെ പുതിയ സിനിമയായിട്ടുള്ള ഹെയ്ൽ മേരിയിലും അങ്ങനെയൊരു വ്യത്യസ്തമായ കഥാപാത്രമാണ് താൻ ചെയ്യുന്നതെന്നും നടൻ വ്യക്തമാക്കി.

‘ഹെയ്ൽ മേരി ഒരു ഫാമിലി ക്രൈം ഡ്രാമയാണ്. കുറച്ചുകൂടി ഇമോഷണലി കണക്ടഡ് ആയിട്ടുള്ള നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കുറേ സാധാരണക്കാരുടെ ഒരു ലൈഫുണ്ട് സിനിമയിൽ,’ താരം പറഞ്ഞു.

Content Highlight: Kunchacko Boban talks about different types of characters in his films

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more